അറേബ്യന്‍ മാനിന് രക്ഷകനായി ഷെയ്ഖ് ഹമദാന്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ഒറിക്‌സ് എന്ന അറേബ്യന്‍ മാനിന് രക്ഷകനായി എത്തുന്ന ഹംദാന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നിര്‍മ്മാണ സ്ഥലത്തെ ഒരു വലയില്‍ കുടുങ്ങിയ ഒറിക്‌സിനെയാണ് ഹംദാന്‍ രക്ഷപ്പെടുത്തിയത്. അദ്ദേഹം തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും.
ഒറിക്‌സിന്റെ കൊമ്പുകളില്‍ പ്ലാസ്റ്റിക് വല കുടുങ്ങുകയായിരുന്നു. പ്ലാസിറ്റിക് കൊണ്ട് കണ്ണുകള്‍ മൂടപ്പെട്ടതിനാല്‍ നടക്കാന്‍ പോലും പ്രയാസപ്പെടുന്ന ഒറിക്‌സിനെ വീഡിയോയില്‍ കാണാം. രക്ഷപ്പെട്ടുകഴിഞ്ഞപ്പോള്‍ തുള്ളിച്ചാടി പോകുന്നതും ദൃശ്യമാണ്. ഓള്‍ ഗുഡ് ടു ഗോ ഫോര്‍ ദിസ് ഒറിക്‌സ്! മിഷന്‍ അക്കംപ്ലിഷ്ഡ് എന്ന കുറിപ്പോടുകൂടിയാണ് ഹംദാന്‍ വീഡിയോ പങ്കുവെച്ചത്. രണ്ടു ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടത്.
ദുബായില്‍ മാത്രമല്ല ലോകത്തില്‍ തന്നെ നിരവധി ആരാധകരുണ്ട് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്. ദുബായ് എക്‌സ്‌ക്യൂട്ടീവ് കമ്മറ്റി ചെയര്‍മാന്‍ കൂടിയാണ് ഇദ്ദേഹം. ലോകത്ത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മാന്‍ വര്‍ഗമാണ് ഒറിക്‌സ്. ഇതിന്റെ സംരക്ഷണത്തിനായി ദുബായില്‍ പ്രത്യേക പദ്ധതികളും നടപ്പിലാക്കിവരുന്നുണ്ട്.