‘പുയ്യാപ്ലേക്ക്’ പിന്നാലെ മാലിക്കിനെ ‘അളിയ’ എന്ന് വിളിച്ച് ആരാധകര്‍, അഭിവാദ്യം ചെയ്ത് താരം; വീഡിയോ കാണാം

September 24, 2018

ക്രിക്കറ്റ് കളിക്കിടെ നടക്കാറുള്ള രസകരമായ കാഴ്ചകള്‍ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. പാകിസ്ഥാന്‍ താരം ശുഐബ് മാലിക്കിനെ ഗാലറിയിലിരിക്കുന്ന ഇന്ത്യന്‍ ആരാധകര്‍ ‘ജീജൂ'(സഹോദരീ ഭര്‍ത്താവ്) എന്ന വിളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ കൗതുകം.

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു ഇന്ത്യന്‍ ആരാധകര്‍ മാലിക്കിനെ ജീജു എന്ന വിളിച്ചത്. ‘ജീജു’ എന്ന് ആരാധകര്‍ തന്നെയാണ് വിളിക്കുന്നതെന്ന് മനസിലാക്കിയ മാലിക്ക് ഇന്ത്യന്‍ ആരാധകരെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയില്‍ ഉണ്ട്. ഇന്ത്യ പാക് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ 78 റണ്‍സെടുത്ത മാലിക്കായിരുന്നു പാകിസ്ഥാന്റെ ടോപ്പ് സ്‌കോറര്‍.


 
നേരത്തെ ഒരു കൂട്ടം മലയാളികള്‍ ശുഐബ് മാലിക്കിനെ ‘പുയ്യാപ്ലേ’ എന്നു വിളിക്കുന്ന വീഡിയോയും സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇന്ത്യയുടെ ഇന്നിങ്‌സ് സമയത്ത് ബൗണ്ടറി ലൈനരികില്‍ ഫീല്‍ഡ് ചെയ്യാനെത്തിയതായിരുന്നു പാക് താരം ശുഐബ് മാലിക്. മാലിക്കിന്റെ പിന്നിലായ് ഗാലറിയിലിരുന്ന ഒരു കൂട്ടം മലയാളികള്‍ താരത്തെ ഒരു ഓമനപ്പേരിട്ട് വിളിച്ചു. ‘പുയ്യാപ്ലേ’. ഭര്‍ത്താവ് എന്നാണ് ഈ വാക്കിനര്‍ത്ഥം. തന്നെയാണ് വിളിക്കുന്നതെന്ന് ആദ്യം മാലിക്കിന് മനസ്സിലായില്ല. പിന്നാലെ അടുത്ത വിളി വന്നു ‘മാലിക് പുയ്യാപ്ലേ’ ഇത്തവണ തന്റെ പേര് കേട്ട് മാലിക് തിരിഞ്ഞു നോക്കുകയും ചെയ്തു. എന്നാല്‍ എന്താണ് സംഭവമെന്നു പാക് താരത്തിനു മനസിലായിരുന്നില്ല

‘പുയ്യാപ്ലേ’ വിളി മനസിലായില്ലെങ്കിലും ‘ജീജു’ എന്ന വിളി മാലിക്കിന് മനസ്സിലായി. ഇന്ത്യന്‍ ടെന്നീസിന്റെ ഇതിഹാസ താരം സാനിയ മിര്‍സയുടെ ഭര്‍ത്താവാണ് ശുഐബ് മാലിക്. അതുകൊണ്ടുതന്നെ മാലിക് ഇന്ത്യാക്കാര്‍ക്ക് ‘പുയ്യാപ്ല’യും ജീജുവുമൊക്കെയാണെന്നാണ് പറയുന്നത്. എന്തായാലും ഇന്ത്യന്‍ ആരാധകര്‍ മാലിക്കിന് നല്‍കിയ ഈ ഓമനപ്പേരുകള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു.