സൈമ അവാര്‍ഡ് പ്രഖ്യാപിച്ചു: നിവിന്‍ പോളി മികച്ച നടന്‍, മികച്ച നടി ഐശ്വര്യ ലക്ഷ്മി

September 15, 2018

2018 ലെ സൈമ ആവാര്‍ഡ് പ്രഖ്യാപിച്ചു. നിവിന്‍ പോളിയാണ് മലയാളത്തിലെ മികച്ച നടന്‍. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന സിനിമയിലെ അഭിനയത്തിനാണ് നിവിന്‍ പോളിക്ക് മികച്ച നടനുള്ള സൈമ അവാര്‍ഡ് ലഭിച്ചത്. ‘മായാനദി’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യ ലക്ഷമിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു. ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയ്ക്കാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചത്.

ഷെയ്ന്‍ നിഗമാണ് മികച്ച സഹനടന്‍. മികച്ച വില്ലനുള്ള പുരസ്‌കാരം അപ്പാനി ശരത്തിനും ലഭിച്ചു. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നിമിഷ സജയനാണ് മികച്ച പുതുമുഖ നടി. ‘അങ്കമാലി ഡയറീസി’ലെ ആന്റണി വര്‍ഗീസാണ് മികച്ച പുതുമുഖനടന്‍.

‘ഗോദ’ എന്ന ചിത്രത്തിലെ അഭിനയത്തിന് അജു വര്‍ഗീസ് മികച്ച കൊമേഡിയനായും തിരഞ്ഞെടുക്കപ്പെട്ടു. ‘ടേക് ഓഫ്’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ് നാരായണ്‍ ആണ് മികച്ച നവാഗത സംവിധായകന്‍. ‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിന് സംഗീതം നല്‍കിയ ഷാന്‍ റഹ്മാന്‍ മികച്ച സംഗീത സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.

സനു ജോണ്‍ വര്‍ഗീസാണ് മികച്ച ഛായാഗ്രാഹകന്‍. മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു. വിനീത് ശ്രീനിവാസനാണ് മികച്ച ഗായകന്‍.