ഏഷ്യാ കപ്പ്; അഫ്ഗാനിസ്ഥാനോട് തോൽവി സമ്മതിച്ച് ശ്രീലങ്ക മടങ്ങുന്നു..
ബംഗ്ലാദേശിന് പിന്നാലെ അഫ്ഗാനിസ്ഥാനോടും തോറ്റ് ശ്രീലങ്ക ഏഷ്യാ കപ്പില്‍ നിന്ന് പുറത്ത്. ഇന്നലെ നടന്ന കളിയിൽ 91 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ശ്രീലങ്കയ്ക്കെതിരെ അഫ്ഗാനിസ്താന് നേടിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താന് 249 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയ്ക്ക് 158 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 41.2 ഓവറില്‍തന്നെ അഫ്ഗാനിസ്ഥാൻ എല്ലാവരെയും പുറത്താക്കുകയായിരുന്നു.
ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോടും ശ്രീലങ്ക കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇന്നലത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന് മികച്ച തുടക്കം തന്നെ ലഭിച്ചിരുന്നു. 72 റണ്‍സെടുത്ത റഹ്മത്ത് ഷാ യാണ് അഫ്ഗാന്റെ ടോപ് സ്കോറര്‍. മുഹമ്മദ് ഷഹ്സാദ് 34റൺസും, ഇഹ്സാനുള്ള ജന്നത്ത് 45 റൺസും നേടി. ഓപ്പണിങ്ങില്‍ ഈ ജോഡി 57 റണ്‍സാണ് നേടിയത്. എല്ലാവരും മികച്ച് പ്രകടനം കാഴ്ചവെച്ചതോടെയാണ് കളിയിൽ വിജയം നേടിയത്.
ശ്രീലങ്കയുടെ ടീമിൽ 36 റണ്‍സെടുത്ത ഉപുല്‍ തരംഗ ടോപ് സ്കോററായപ്പോള്‍ നായകന് എയ്ഞ്ചലോ മാത്യൂസ് 22 റൺസും , തിസാര പേരെര 28 റൺസും ദനഞ്ജയ് ഡിസല്‍വ 23 റൺസും നേടി. റാഷിദ് ഖാന്, മുഹമ്മദ് നബി, മുജീബുര്‍ റഹ്മാന്, ഗുല്‍ബാദിന്‍ നെയ്ബ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.രണ്ട് പേരെ റണ്‍ ഔട്ടിലൂടെയും പുറത്താക്കി. 108 റണ്‍സെടുക്കുന്നതിനിടയ്ക്ക് തന്നെ ലങ്കയുടെ അഞ്ച് വിക്കറ്റുകള്‍ അഫ്ഗാനിസ്താന് വീഴ്ത്തിയിരുന്നു. ഏഷ്യാ കപ്പില്‍ അഞ്ചു തവണ കിരീടം നേടിയിട്ടുള്ള ടീമാണ് ശ്രീലങ്ക. ടീമിനേറ്റ ഈ കനത്ത പ്രഹരം വലിയ നാണക്കേടായിരിക്കുകയാണ്.