ലോങ്ജമ്പില്‍ ദേശീയ റെക്കോര്‍ട് നേട്ടത്തില്‍ മലയാളി താരം എം ശ്രീശങ്കര്‍
ദേശീയതലത്തില്‍ ലോങ്ജമ്പില്‍ ചരിത്രംകുറിച്ചിരിക്കുകയാണ് മലയാളി താരം എം ശ്രീശങ്കര്‍. ദേശീയ സീനിയര്‍ ഓപ്പണ്‍ അത്ലറ്റിക്സ് മീറ്റിലാണ് ലോങ്ജമ്പില്‍ ശ്രീശങ്കര്‍ റെക്കോര്‍ഡ് ഇട്ടത്. ലോങ്ജമ്പില്‍ 8.20 മീറ്ററാണ് താരം കുറിച്ച റെക്കോര്‍ഡ്.
കസാഖിസ്ഥാനില്വെച്ചായിരുന്നു ടൂര്‍ണമെന്റ്. മധ്യമപ്രദേശ് താരം അങ്കിത് ശര്‍മയുടെ പേരിലായിരുന്നു ലോങ്ജമ്പില്‍ റെക്കോര്‍ഡ് നിലനിന്നിരുന്നത്. 8.19 എന്ന അങ്കിത് ശര്‍മ്മയുടെ റെക്കോര്‍ഡാണ് ശ്രീശങ്കര്‍ തിരുത്തിക്കുറിച്ചത്. അഞ്ചാം ശ്രമത്തിലായിരുന്നു ശ്രീശങ്കര്‍ 8.20 മീറ്റര്‍ ദൂരം പിന്നിട്ടത്.
അതേസമയം ശ്രീശങ്കര്‍ ആദ്യമായാണ് ലോങ്ജമ്പ് കരിയറില്‍ എട്ടു മീറ്റര്‍ ദൂരം പിന്നിടുന്നത്. പരിശീലന ക്യാമ്പുകളില്‍ എട്ടു മീറ്റര്‍ താണ്ടിയിട്ടുണ്ടെങ്കിലും മത്സരത്തില്‍ താരം ഈ പ്രകടനം കാഴ്ചവെയ്ക്കുന്നത് ഇത് ആദ്യമായാണ്.
പാലക്കാടാണ് ഈ പത്തൊമ്പതുകാരന്റെ സ്വദേശം. മുന്‍ അന്തര്‍ദേശീയ താരങ്ങളായ എസ് മുരളിയും കെഎസ് ബിജിമോളുമാണ് മാതാപിതാക്കള്‍. അച്ഛന് തന്നെയാണ് പരിശീലകനും. ഇതിനോടകം തന്നെ ദേശീയതലത്തില്‍ പതിനഞ്ച് സ്വര്‍ണ്ണം നേടിയിട്ടുണ്ട് ശ്രീശങ്കര്‍. 2016 ല്‍ ലോങ്ജമ്പ് ലോക യൂത്ത് റാങ്കില്‍ അഞ്ചാം സ്ഥാനത്തും എത്തിയിരുന്നു.