വീല്‍ ചെയറിലിരുന്ന് ഒരു സ്കൂബ ഡൈവിങ്; വീഡിയോ കാണാം
അസാധ്യമെന്ന് സമൂഹം പറയുന്ന പല കാര്യങ്ങള്‍ സാധ്യമാക്കുന്നവര്‍ എക്കാലത്തും ഹീറോസ് ആണ്. വെല്ലുവിളികളില്‍ തളരാതെ സ്വപ്നങ്ങള്‍ക്ക് ചിറകുകള് നല്കി പറന്നുയരുന്ന ഇവരാണ് ലോകത്തിന് യതാര്‍ത്ഥ പ്രചോദനം. സ്യൂ ഓസ്റ്റിന്‍ എന്ന ബ്രിട്ടീഷ് കലാകാരിയാണ് പ്രതിസന്ധിയില്‍ തളരുന്നവര്‍ക്ക് മുമ്പില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പുതു മാതൃക സൃഷ്ടിച്ചിരിക്കുന്നത്.
മുപ്പത്തിയൊന്നാമത്തെ വയസ്സില്‍ ബാധിച്ച ഒരു അസുഖത്തെ തുടര്‍ന്ന് സ്യൂ വീല്‍ചെയറിലായി. ഇനി അവളെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് വിധി എഴുതുകയായിരുന്നു സമൂഹം. എന്നാല്‍ ആ വിധികളെല്ലാം മാറ്റി എഴുതിയിരിക്കുകയാണ് സ്യൂ ഓസ്റ്റിന്‍.
വെറുമൊരു വീല്‍ചെയറില്‍ തന്റെ ജീവിതം ഒതുക്കാനായിരുന്നില്ല സ്യൂവിന്റെ തീരുമാനം. ജീവിത്തെക്കുറിച്ച് അവള് കണ്ട സ്വപ്നങ്ങള്‍ അത്രമേല്‍ വലുതായിരുന്നു. വീല്‍ ചെയര്‍ തനിക്ക് നല്കുന്ന സന്തോഷവും സ്വാതന്ത്ര്യവും മറ്റുള്ളവര്‍ക്കു മുമ്പില്‍ വെളിപ്പെടുത്തകയായിരുന്നു സ്യൂവിന്റെ ലക്ഷ്യം. ഇതിനുവേണ്ടി സ്യൂ തിരഞ്ഞെടുത്ത മാര്‍ഗമായിരുന്നു വീല്ചെയറിലിരുന്നുകൊണ്ടുള്ള അണ്ടര്‍വാട്ടര്‍ സ്കൂബ ഡൈവിങ്.
കേള്‍ക്കുമ്പോള്‍ തന്നെ അവിശ്വസനീയം എന്നു തോന്നിപ്പോകും. ഒരു ചെയറിലിരുന്ന് 360 ഡിഗ്രീയിലുള്ള സ്കൂബ ഡൈവിങ് ആര്‍ക്കാണ് സാധ്യമാവുക എന്ന ചോദ്യങ്ങളും ഉയര്‍ന്നേക്കാം. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് സ്യൂവിന്റെ ജീവിതം.
പ്രത്യേകം രൂപകല്പന ചെയ്ത വീല്‍ ചെയറിലുരുന്നുകൊണ്ടായിരുന്ന സ്യൂവിന്റെ സ്കൂബ ഡൈവിങ്. വീല്‍ചെയറിന്റെ സ്റ്റെബിലിറ്റി ഉറപ്പാക്കുന്നതിനായി ഹൈഡ്രോപ്ലെയിനുകള് ഘടിപ്പിച്ചിരുന്നു. ഓക്സിജന്‍ ടാങ്കും ഘടിപ്പിച്ചു. സ്യൂവിന്റെ ജീവിതം വീല്‍ചെയറില്‍ ഒതുങ്ങിപ്പോകുമെന്ന് കരുതിയവര്‍ ഒടുവില്‍ അവളുടെ പ്രകടനത്തിന് നിറഞ്ഞ കൈയടി നല്കി.