മാലിക്കിനെ ‘പുയ്യാപ്ലേ’ എന്ന ഓമനപ്പേര് വിളിച്ച് മലയാളികള്‍; ഒന്നും മനസിലാവാതെ താരം: വീഡിയോ കാണാം
കളിക്കളത്തിലെ രസക്കാഴ്ചകള് എന്നും കായികപ്രേമികള്‍ക്ക് പ്രീയങ്കരമാണ്. ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും പരസ്പരം പോരടിക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ കാട്ടിയ ഒരു കുസൃതിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ തരംഗം. ധാരാളം മലയാളികളുള്ള നാടാണ് ദുബൈ. അതുകൊണ്ടുതന്നെ ഇന്ത്യ-പാക് പോരാട്ടം കാണാനും നിരവധി മലയാളികള്‍ എത്തിയിരുന്നു. ഈ വൈറല്‍ വീഡിയോയിലെ താരങ്ങളും ഒരു കൂട്ടം മലയാളികള്‍ തന്നെയാണ്.
ഇന്ത്യയുടെ ഇന്നിങ്സ് സമയത്ത് ബൗണ്ടറി ലൈനരികില്‍ ഫീല്‍ഡ് ചെയ്യാനെത്തിയതായിരുന്നു പാക് താരം ശുഐബ് മാലിക്. മാലിക്കിന്റെ പിന്നിലായ് ഗാലറിയിലിരുന്ന ഒരു കൂട്ടം മലയാളികള്‍ താരത്തെ ഒരു ഓമനപ്പേരിട്ട് വിളിച്ചു. ‘പുയ്യാപ്ലേ’. ഭര്‍ത്താവ് എന്നാണ് ഈ വാക്കിനര്‍ത്ഥം. തന്നെയാണ് വിളിക്കുന്നതെന്ന് ആദ്യം മാലിക്കിന് മനസ്സിലായില്ല. പിന്നാലെ അടുത്ത വിളി വന്നു ‘മാലിക് പുയ്യാപ്ലേ’ ഇത്തവണ തന്റെ പേര് കേട്ട് മാലിക് തിരിഞ്ഞു നോക്കുകയും ചെയ്തു. എന്നാല്‍ എന്താണ് സംഭവമെന്നു പാക് താരത്തിനു മനസിലായില്ല.
ഇന്ത്യന്‍ ടെന്നീസിന്റെ ഇതിഹാസ താരം സാനിയ മിര്‍സയുടെ ഭര്‍ത്താവാണ് ശുഐബ് മാലിക്. അതുകൊണ്ടുതന്നെ മാലിക് ഇന്ത്യാക്കാര്‍ക്ക് ‘പുയ്യാപ്ല’യാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും മലയാളികള്‍ മാലിക്കിന് നല്കിയ ഈ ഓമനപ്പേര് സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഏഷ്യാ കപ്പിലെ ഇന്ത്യ പാക് പോരാട്ടത്തില്‍ എട്ട് വിക്കറ്റിന് ഇന്ത്യ ജയിച്ചു. 43.1 ഓവറില്‍ 162 റണ്‍സെടുത്ത് പാകിസ്ഥാന് പുറത്തായി. പാകിസ്ഥാനെതിരെ 29 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. രോഹിത് ശര്‍മ്മയും ശിഖര്‍ധവാനും ആയിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. രോഹിത് ശര്‍മ്മ 52 റണ്‍സും ശിഖര്‍ ധവാന് 46 റണ്‍സും സ്വന്തമാക്കി. 31 റണ്‍സ് വീതം നേടിയ റായിഡുവും കാര്‍ത്തിക്കും പുറത്താകാതെ നിന്നു.
കളിയില്‍ ടോസ് നേടിയ പാകിസ്ഥാന് ബാറ്റിങ് തെരഞ്ഞെടുത്തു. ബൗളിങിന്റെ തുടക്കം മുതല്‍ക്കെ ഇന്ത്യ മികച്ച നിലവാരം പുലര്‍ത്തിയിരുന്നു. ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ജസ്പ്രീത് ബുംറ രണ്ടും വിക്കറ്റും കുല്‍ദീപ് യാദവ് ഒരു വിക്കറ്റുമെടുത്തു. ഭുവനേശ്വര്‍ കുമാറാണ് മാന്‍ ഓഫ് ദി മാച്ച്.
ബാബര്‍ അസമാണ് പാക്കിസ്ഥാന്റെ ടോപ്പ് സ്കോറര്‍. 47 റണ്‍സാണ് ബാബര്‍ അസം അടിച്ചെടുത്തത്. ശുഐബ് മാലിക് – ബാബര്‍ കൂട്ടുകെട്ടുമാത്രമാണ് പാകിസ്ഥാന് കളിയില്‍ അല്പമെങ്കലും ആശ്വാസം നല്‍കിയത്. ഈ കൂട്ടുകെട്ടില്‍ 43 റണ്‍സ് പാകിസ്ഥാനെടുത്തു.
എന്നാല്‍ ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും 86 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബാറ്റിങിന്റെ തുടക്കത്തില്‍ തന്നെയുള്ള ഈ നേട്ടം മുഴുവന്‍ കളിയിലും ഇന്ത്യയെ തുണച്ചു. കളിയില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത് ഇന്ത്യന്‍ ആരാധകരെ നിരാശപ്പെടുത്തി. നടുവിനാണ് പരിക്ക്. പാണ്ഡ്യയ്ക്കു പകരം ഫീല്‍ഡ് ചെയ്യാനെത്തിയ മനീഷ് പാണ്ഡെയും നന്നായി കളിച്ചു. പാകിസ്ഥാന് ക്യാപ്റ്റന്‍ സര്‍ഫറാസിന്റെ ഇന്നിങ്സ് അവസാനിപ്പിച്ച ക്യാച്ച് സ്വന്തമാക്കിയിത് മനീഷ് പാണ്ഡെയായിരുന്നു.