പാളം തെറ്റിയ ‘തീവണ്ടി’യുടെ കഥ പറഞ്ഞ് ടോവിനോ; ചിത്രത്തിലെ അടിപൊളി ഗാനം കാണാം..

September 6, 2018

മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന ടോവിനോ തോമസ് ചിത്രം തീവണ്ടിയിലെ  പുതിയ ഗാനം  പുറത്തിറങ്ങി. ചെയിൻ സ്മോക്കറായ ചെറുപ്പക്കാരന്റെ കഥപറയുന്ന ചിത്രത്തിലെ ”ഒരു തീപ്പെട്ടിക്കും വേണ്ട”..  ”ആ ചുണ്ടിൽ മിന്നി കത്തും വെട്ടം”എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. വ്യത്യസ്ഥമായ വരികളും ഗാനാലാപന ശൈലിയുമായി പുറത്തിറങ്ങിയ ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.   സെക്കൻഡ് ഷോ എന്ന ദുൽഖർ സൽമാന്റെ അരങ്ങേറ്റ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഫെല്ലിനിയുടെ ആദ്യ സംവിധാന സംരംഭമാണ് ‘തീവണ്ടി’.

മനു മഞ്ജിത്തിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് കൈലാസ് മേനോൻ ആണ്..അന്തോണി ദാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. തൊഴിൽ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി. ടോവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ് സിനിമാസ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ
പുതുമുഖ നടി സംയുക്ത മേനോനാണ് ടോവിനോയുടെ നായികയായി വേഷമിടുന്നത്.

സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെയിൻ സ്മോക്കറായ ടോവിനോ കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് ‘തീവണ്ടി’ എന്നത്. ചിത്രത്തിലെ നേരെത്തെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു. ഈ വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ പ്രീ റിലീസിങ് പ്രോമോയ്ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.