‘തീവണ്ടി ചരിത്ര വിജയത്തിലേക്ക്’;ഒരു ദിവസം തിയേറ്ററില്‍ പൂർത്തിയാക്കിയത് 18 ഷോകള്‍..

September 11, 2018

ചരിത്രവിജയത്തിലേക്ക് കുതിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട  ടൊവിനോ തോമസ് നായകനായി  എത്തിയ തീവണ്ടി. മലയാള സിനിമാചരിത്രത്തിലാദ്യമായി ഒരു ദിവസം ഒരു തിയേറ്ററില്‍ 18 ഷോകള്‍ വരെ പൂർത്തിയാക്കുന്ന ചിത്രമായി തീവണ്ടി മാറുകയാണ്. ചിത്രത്തെ പിന്തുണച്ച് എത്തുന്ന ആരാധകർക്കൊപ്പം ചിത്രം ഏറ്റെടുത്ത് ട്രോളന്മാരും രംഗത്തുണ്ട്. ചിത്രത്തിലെ ഓരോ രംഗങ്ങളും മികച്ച കൈയ്യടി നേടിയാണ് മുന്നോട്ട് പോകുന്നത്.

നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി.തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി. ടോവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് ടോവിനോയുടെ നായികയായി വേഷമിടുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെയിന്‍ സ്‌മോക്കറായ ടോവിനോ കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് ‘തീവണ്ടി’ എന്നത്.

റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ നിരയിലേക്ക് ഉയർത്തപ്പെട്ട ചിത്രമാണ് തീവണ്ടി. സിനിമയുടെ ചിത്രീകരണസമയത്തെ ചില രസക്കാഴ്ചകള്‍ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. ഇതിനും മികച്ച് പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചത്. തീവണ്ടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് അണിയറ പ്രവര്‍ത്തകര്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷൂട്ടിങ് വേളയിലെ ചില കുസൃതികള്‍ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.