‘ചങ്കിനകത്തൊരു പെടപെടപ്പ്…’ വൈറലായി വൈഷ്ണവിയുടെ പാട്ട്; കൈയടിച്ച് പ്രേക്ഷകര്‍

September 23, 2018

പ്രായത്തെപ്പോലും തോല്‍പിച്ച സ്വരമാധുര്യവുമായി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുകയാണ് വൈഷ്ണവി എന്ന കൊച്ചു ഗായിക. ഫ്ളവേഴ്‌സ് ടോപ്പ് സിംഗര്‍ വേദിയില്‍ പാടാനെത്തിയ ഈ കൊച്ചുമിടുക്കിയുടെ പാട്ടിന് മനം നിറഞ്ഞ് സദസ് കൈയടിച്ചു. രണ്ട് പാട്ടാണ് വൈഷ്ണവി പാടിയത്. തമ്പാന്‍ തൊടുത്തത് മലരമ്പ്…. മഞ്ഞണിപ്പൂനിലാവ്… എന്നീ രണ്ടു ഗാനങ്ങളും അതിമനോഹരമായി വൈഷ്ണവി പാടി.

വിധികര്‍ത്താക്കള്‍ പോലും എഴുന്നേറ്റു നിന്ന് വൈഷ്ണവിയുടെ പ്രകടനത്തിനു കൈയടിച്ചു. പാട്ടിനൊപ്പം സ്വാഭാവികമായ അഭിനയവും രസഭാവങ്ങളും ചേര്‍ത്തപ്പോള്‍ ഈ കൊച്ചു മിടുക്കിയുടെ പാട്ട് നിമിഷങ്ങള്‍ക്കൊണ്ടുതന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു.

ഐസ്‌ക്രീമാണ് വൈഷ്ണവിക്ക് ഏറ്റവും ഇഷ്ടം. കുട്ടിത്താരത്തിന്റെ ഇഷ്ടം തിരിച്ചറിഞ്ഞ് വിധികര്‍ത്താക്കള്‍ വൈഷ്ണവിയേക്കാള്‍ വലിയൊരു ഐസ്‌ക്രീമും വേദിയില്‍വെച്ചു നല്‍കി. തനിക്ക് കിട്ടിയ സര്‍പ്രൈസില്‍ അതിശയിച്ചു നില്‍ക്കുന്ന ഈ മിടുക്കിയുടെ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു. യുകെജിയില്‍ പഠിക്കുന്ന വൈഷ്ണവി ഹൈദരബാദിലാണ് താമസിക്കുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് വൈഷ്ണവി ഫ്ളവേഴ്‌സ് ടോപ് സിംഗറില്‍ പാടാനെത്തിയത്.