‘ഇത്തിക്കരപക്കിയോ ഒടിയനോ’.. ഈ വർഷം പുറത്തിറങ്ങാനുള്ള മോഹൻലാൽ ചിത്രങ്ങളിലൂടെ
കൈ നിറയെ ചിത്രങ്ങളുമായാണ് മലയാളത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാർ മോഹൻലാൽ എത്തുന്നത്. അവയിൽ പലതും മലയാള സിനിമയിൽ ചരിത്രം സൃഷ്ട്ടിക്കാൻ പോന്നവയാണെന്ന തിരിച്ചറിവിൽ ആകാംക്ഷയോടെയാണ് ലാലേട്ടൻ ആരാധകർ കാത്തിരിക്കുന്നത്. മലയാളത്തിനു പുറമെ ഇതര ഭാഷകളിലും വിജയക്കൊടി പാറിച്ച മോഹൻലാലിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളാണ് ഇനി വരാനുള്ളത്.
ഒടിയൻ
മോഹൻലാൽ ആരാധകരും മലയാള സിനിമാ ലോകവും ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടി മോഹൻലാൽ നടത്തുന്ന കഠിന പ്രയത്നങ്ങളും ചിത്രത്തിന്റെ കഥാ പശ്ചാത്തലവുമെല്ലാം ഇതിനോടകം തന്നെ വലിയ ചർച്ചയായിരുന്നു.
റിലീസിന് മുമ്പേ റെക്കോര്‍ഡ് നേടിയ മോഹന്‍ലാല്‍ ചിത്രം മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലാകുമെന്ന പ്രതീക്ഷയിലാണ് സിനിമ ലോകം. മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന ഹിന്ദി ഡബ്ബിങ് – സാറ്റലൈറ്റ് റൈറ്റ്‌സാണ് ഒടിയന്‍ കരസ്ഥമാക്കിയിരിക്കുന്നത്. 3 കോടി 25 ലക്ഷം രൂപയാണ് ഹിന്ദി ഡബ്ബിങ് സാറ്റലൈറ്റ് റൈറ്റ്‌സ് ആയി ഒടിയന്‍ നേടിയത്.
ഒടിയന്‍ മാണിക്യന്റെയും സാങ്കല്‍പ്പിക ഗ്രാമമായ തേന്‍കുറിശ്ശിയുടെയും കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെയും മനോജ് ജോഷിയേയും കൂടാതെ പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, മഞ്ജു വാര്യര്‍ ഇന്നസെന്റ്, നരേൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്.
കായംകുളം കൊച്ചുണ്ണി
നിവിൻ പോളി കായംകുളം കൊച്ചുണ്ണിയായെത്തുന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ഇത്തിക്കരപ്പക്കിയായി മോഹൻലാൽ എത്തുന്നുവെന്ന വാർത്ത തെല്ലൊരത്ഭുതത്തോടെയാണ് മലയാള സിനിമാ ലോകം എതിരേറ്റത്. ബിഗ്‌ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രിയാ ആനന്ദാണ് നായിക.നിവിൻ പോളിക്കൊപ്പം മോഹൻലാൽ കൂടിയെത്തുന്നതോടെ കായംകുളം കൊച്ചുണ്ണിക്കായി ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ്.
ആരാധക മനം കവരുന്ന പുതിയ ഭാവത്തിൽ കണ്ണിറുക്കി പുഞ്ചിരി തൂകുന്ന ഇത്തിക്കര പക്കിയുടെ ചിത്രം നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മോഹന്‍ലാലും നിവിൻ പോളിയും ആദ്യമായ് വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നൂതന ആശയങ്ങൾ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്.
മലയാള സിനിമയിൽ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത പ്രൊവിസ് എന്ന നൂതന ആശയമാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. സ്കൂൾ ബസ് എന്ന ചിത്രത്തിനു ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നാകും. ചിത്രം ഒക്ടോബര്‍ 11ന് തീയേറ്ററുകളിലെത്തും
ലൂസിഫർ
മലയാളത്തിന്റെ സൂപ്പർസ്റ്റാർ നായകൻ പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നുവെന്ന വാർത്ത വളരെ ആകാംക്ഷയോടെയാണ് മലയാളികൾ വരവേറ്റത്.. ആദ്യ സംവിധാന സംരംഭത്തിൽ നായകനായി മോഹൻലാൽ എത്തുന്നുവെന്ന വിവരം കൂടി പുറത്തു വന്നതോടെ ആകാംക്ഷ പതിന്മടങ്ങ് വർദ്ധിക്കുകയിരുന്നു. മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങൾ ഒരുമിക്കുന്ന ചിത്രം ‘ലൂസിഫർ’ എന്ന പേരിൽ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടതു മുതൽ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.
ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്ന മുരളി ഗോപിക്കും ‘ലൂസിഫർ’ നിർമ്മിക്കുന്ന ആന്റണി പെരുമ്പാവൂരിനുമൊപ്പം മോഹൻലാലും പൃഥ്വിരാജും ചേർന്നതോടെ വെള്ളിത്തിരയിൽ എന്ത് അത്ഭുതമാണ് സൃഷ്ടിക്കുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഡ്രാമ
നിരവധി ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ടിൽ വിരിയുന്ന ഡ്രാമ നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ തിയേറ്ററുകളിൽ എത്തും. നിരവധി മികച്ച ചിത്രങ്ങളിലൂടെ മലയാളത്തിന് പ്രിയപ്പെട്ടവനായി മാറിയ സേതു തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് കാണികൾ കാത്തിരിക്കുന്നത്. ലണ്ടനില്‍ ഉള്ള തന്റെ ബന്ധുക്കള്‍ക്കൊപ്പം താമസിക്കാന്‍ എത്തുന്ന ഒരു വൃദ്ധ അവിടെ വെച്ച് മരിക്കുന്നതും അതിനെ തുടര്‍ന്ന് പിന്നീട് അവിടെ നടക്കുന്ന സംഭവങ്ങളുടെ വളരെ രസകരമായ ആവിഷ്‌കാരവുമാണ് ഈ ചിത്രം.
മോഹൻ ലാലിനൊപ്പം ആശാ ശരത്ത്, കനിഹ, കോമൾ ശർമ്മ, അരുന്ധതി നാഗ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിരവധി ബോക്സ് ഓഫീസ് ഹിറ്റുകൾക്ക് ശേഷം രഞ്ജിത്ത് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം ഒരു സാധാരണ കുടുംബചിത്രമാണെന്നാണ് റിപ്പോർട്ടുകൾ.