അതിമനോഹരം വൈക്കം വിജയലക്ഷമി ‘കസൂ’വില്‍ തീര്‍ത്ത ഈ ഗാനം
‘മറന്നുവോ പൂ മകളേ….’ ഈ ഗാനം മലയാളികള്‍ എന്നും ഏറ്റുപാടുന്ന ഒന്നാണ്. ഗാനത്തിന്റെ മാധുര്യം ഒട്ടും ചോര്‍ന്നുപോകാതെ അതിമനോഹരമായി ഈ ഗാനം കസൂവില്‍ വായിച്ചിരിക്കുകയാണ് ഗായിക വൈക്കം വിജയ ലക്ഷമി. ഈ മനോഹര ഗാനത്തിന്റെ ശോകഭാവം മുഴുവന്‍ പ്രതിഫലിക്കുന്നുണ്ട് വിജയലക്ഷ്മിയുടെ വായനയില്‍. സംഗീത സംവിധായകന് എം. ജയചന്ദ്രാനാണ് വൈക്കം വിജയലക്ഷമി കസൂവില്‍ ഈ ഗാനം വായിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
‘എത്ര മനോഹരമായാണ് വിജി അവള്‍ക്ക് ഏറ്റവും പ്രീയപ്പെട്ട സംഗീതോപകരണമായ കസൂവില്‍ ‘മറന്നുവോ പൂമകളേ…’ എന്ന എന്റെ ഗാനം വായിച്ചത്. അസാമാന്യമായ കഴിവാണ് സംഗീതത്തില്‍ വിജിക്കുള്ളത്. സംഗീതത്തോടുള്ള അവളുടെ ആത്മാര്‍ത്ഥതയും വളരെ വലുതാണ്. തലമുറകള്‍ക്ക് അതീതമായി മാറും അവളുടെ സംഗീതം’ ഈ കുറിപ്പോടുകൂടിയാണ് എം ജയചന്ദ്രന് വൈക്കം വിജയലക്ഷ്മിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
വിസില്‍ പോലുള്ള കസൂ എന്ന ഉപകരണം വൈക്കം വിജയലക്ഷ്മിക്ക് ഏറെ പ്രീയപ്പെട്ട സംഗീതോപകരണമാണ്. 2006 ല്‍ പുറത്തിറങ്ങിയ ‘ചക്കരമുത്ത്’ എന്ന ചിത്രത്തിലേതാണ് മറന്നുവോ പൂമകളെ… എന്ന ഗാനം. ശാസ്ത്രീയസംഗീതജ്ഞ, ചലച്ചിത്രഗായിക, ഗായത്രിവീണവായനക്കാരി എന്നീ നിലകളില്‍ പ്രശസ്തയാണ് വൈക്കം വിജയലക്ഷ്മി. ‘സെല്ലുലോയ്ഡ്’ എന്ന മലയാള സിനിമയിലൂടെ ചലച്ചിത്രഗാനരംഗത്ത് ചുവടുവെച്ചു. ‘കാറ്റേ കാറ്റേ നീ പൂക്കമരത്തില്…’ എന്നു തുടങ്ങുന്ന ഗാനമാണ് സെല്ലുലോയ്ഡില്‍ വൈക്കം വിജയലക്ഷ്മി ആലപിച്ചത്. മലയാളികള്‍ ഈ ഗാനം നെഞ്ചിലേറ്റിയിരുന്നു. ഗായത്രി വീണ എന്ന സംഗീത ഉപകരണത്തിന്റെ സഹായത്തോടെ സംഗീതക്കച്ചേരികള്‍ നടത്താറുണ്ട് വൈക്കം വിജയലക്ഷ്മി.