കട്ട സാഹിത്യവും നിറയെ സസ്‍പെൻസുമായി ‘വരത്തൻ’; ട്രെയ്‌ലർ കാണാം

September 7, 2018

‘ഇയ്യോബിന്റെ പുസ്തക’ത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രമാണ് ‘വരത്തൻ’.  ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നിറയെ സസ്പെൻസുകളുമായാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ഇറങ്ങിയിരിക്കുന്നത്. ‘മായാനദി’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ ഫഹദിന്റെ നായികയായി എത്തുന്നത്.

അമൽ നീരദിന്റെ ഉടമസ്ഥതയിലുള്ള എ എൻപിയും നസ്രിയ നസീം പ്രൊഡക്ഷന്സും ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം വാഗമണ്ണിലും ദുബായിലുമായാണ് പൂർത്തിയാക്കിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും നേരത്തെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിലൂടെ ലഭിച്ചത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഫഹദ് രണ്ട് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ലിറ്റിൽ സ്വയമ്പാണ്. വിവേക് ഹർഷൻ എഡിറ്റിംഗും ശ്യാം സംഗീതവും നിർവഹിക്കുന്ന ചിത്രം, ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദ് -ഫഹദ് ഫാസിൽ കൂട്ടുകെട്ടിലൊരുങ്ങുന്ന രണ്ടാമത്തെ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അതേസമയം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ഫഹദ് ചിത്രം ട്രാൻസും ഉടൻ തിയേറ്ററുകളിലെത്തും.