പ്രിന്റെടുക്കാന്‍ പണമില്ല, കൈകൊണ്ടെഴുതിയ ബയോഡേറ്റയുമായി യുവാവ്

September 28, 2018

നവമാധ്യമങ്ങളില്‍ തരംഗമാവുകയാണ് കാര്‍ലിറ്റോസ് ഡ്യൂറാത്തോയുടെ ബയോഡേറ്റ. സംഗതി വേറൊന്നും കൊണ്ടല്ല. കൈകൊണ്ട് ഒരു സാധരണ പേപ്പറില്‍ എഴുതിയതാണ് ഈ ബയോഡേറ്റ. പ്രിന്റെടുക്കാന്‍ കൈയില്‍ പൈസ ഇല്ലാതിരുന്നതിനാലാണ് ഇങ്ങനൊരു ഉദ്യമത്തിന് കാര്‍ലിറ്റോസ് തയാറായത്.

റൊസാരിയോ സ്വദേശിയാണ് കാര്‍ലിറ്റോസ് എന്ന ഇരുപത്തിയൊന്നുകാരന്‍. ഏറെ നാളായ ജോലി അന്വേഷിച്ചിട്ടും ഇദ്ദേഹത്തിന് ജോലി ഒന്നും ലഭിച്ചില്ല. മുത്തശ്ശിയുടെ കൈയില്‍ നിന്നും കടം വാങ്ങിയ പണവുമായാണ് കാര്‍ലിറ്റോസ് വിവിധ സ്ഥലങ്ങളില്‍ പോയി ജോലി തിരയാറ്. ജോലി അന്വേഷിച്ച് ഒരു ലോക്കല്‍ കോഫീ- ചോക്ലേറ്റ് ഹൗസിലെത്തി ആ യുവാവ്. അപ്പോഴാണ് ഉടമ ബയോഡേറ്റ ചോദിച്ചത്. പ്രിന്റെടുക്കാന്‍ കൈയില്‍ പണമില്ലാത്തതിനാല്‍ സ്വന്തം കൈപ്പടയില്‍ ഒരു ബയോഡേറ്റ എഴുതി തയാറാക്കി. ഇങ്ങനെ ഒരു പേപ്പറില്‍ സിവി എഴുതിത്തരേണ്ടിവന്നതില്‍ മാപ്പും പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിലൂടെ കാര്‍ലിറ്റോസിന്റെ സിവി വൈറലായി. ഇദ്ദേഹത്തിന് ജോലിയും ലഭിച്ചു. ഒരു ഗ്ലാസ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് കാര്‍ലിറ്റോസ് ഇപ്പോള്‍. എന്തായാലും നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ കാര്‍ലിറ്റോസിന്റെ ബയോഡേറ്റ പങ്കുവെയ്ക്കുന്നത്.