ആദ്യം പരിക്കഭിനയിച്ചു പിന്നെ പ്രണയം പറഞ്ഞു; കളിക്കളത്തിലെ വൈറല്‍ വിവാഹാഭ്യര്‍ത്ഥന കാണാം

September 15, 2018

കളിക്കളങ്ങളിലെ രസക്കാഴ്ചകള്‍ എക്കാലത്തും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഗ്രൗണ്ടുകളില്‍ അരങ്ങേറാറുള്ള വിവാഹാഭ്യര്‍ത്ഥനകളും സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുക്കാറുണ്ട്. ഇത്തരം ഒരു വെറൈറ്റി വിവാഹാഭ്യര്‍ത്ഥന ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

കാലിഫോര്‍ണിയയിലാണ് ആരുടെയും ഹൃദയം കവരുന്ന ഈ പ്രണയാഭ്യര്‍ത്ഥന നടന്നത്. ഫ്രസ്‌നോ പസഫിക് യൂണിവേഴ്‌സിറ്റി ടീം പരിശീലകന്‍ ഫാബ്രികോ നസാറോ ആണ് നാടകീയ രംഗങ്ങള്‍ക്കൊണ്ട് അലങ്കരിക്കപ്പെട്ട ഈ വിവാഹഭ്യര്‍ത്ഥനയിലെ നായകന്‍. വനിതാ ടീമംഗമായ സാറയോടായിരുന്നു നസാറോയുടെ പ്രണയാഭ്യര്‍ത്ഥന. യൂണിവേഴ്‌സിറ്റി ടീമില്‍ ഉള്ളപ്പോഴെ ഇരുവരും തമ്മില്‍ പരിചയമുണ്ട്. നാലു മാസം മുമ്പ് പരിശീലനം പൂര്‍ത്തിയാക്കിയ നസാറോ പുരുഷന്‍മാരുടെ ടീമിലെ സഹപരിശീലകനായി ജോലി ചെയ്യുകയാണ് നിലവില്‍. ഇതിനിടെയാണ് രസകരമായ വിവാഹ അഭ്യര്‍ത്ഥന.

വിവാഹഭ്യര്‍ത്ഥനയ്ക്ക് വേണ്ടി നസാറോയും സുഹൃത്ത് ഫര്‍ഹാനും ഒന്നിച്ചായിരുന്നു പ്ലാന്‍ ചെയ്തത്. പ്ലാനിങ് പ്രകാരം കളിക്കിടെ പരിക്കു പറ്റിയതായി നസാറോ അഭിനയിച്ചു. യാഥാര്‍ത്ഥ്യമെന്നു തോന്നുംവിധമായിരുന്നു താരത്തിന്റെ അഭിനയം. നിരവധി പേര്‍ നസാറോയുടെ അടുക്കലേയ്ക്ക് ഓടിവരികയും ചെയ്തു. സാറയും അരികിലെത്തി. നിറമിഴികളോടെ നാസറോയെ അല്‍പസമയം നോക്കിനിന്നു സാറ. പെട്ടെന്നാണ് ആ അത്ഭുതം സംഭവിച്ചത്. പരിക്കുപറ്റി കടിന്ന നസാറോ ചാടിയെണീറ്റ് സാറയ്ക്ക് നേരെ വിവാഹ മോതിരം നീട്ടി. ചുറ്റുംകൂടിനിന്നവരും ചിരിച്ചുകൊണ്ട് സമീപത്തെത്തിയപ്പോഴാണ് എല്ലാം നേരത്തെ പ്ലാന്‍ ചെയ്തതാണെന്ന് സാറ തിരിച്ചറിയുന്നത്.

നസാറോ തന്നെയാണ് വിവാഹഭ്യര്‍ത്ഥനയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. താരത്തിന്റെ അഭ്യര്‍ത്ഥന സാറ സ്വീകരിക്കുകയും ചെയ്തു. എന്തായാലും സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് കളിക്കളത്തിലെ ഈ വെറൈറ്റി വിവാഹഭ്യര്‍ത്ഥന.