ലാലേട്ടനൊപ്പം ആദ്യ സിനിമ; ‘ലൂസിഫറി’ലൂടെ സഫലമായ ആഗ്രഹം വെളിപ്പെടുത്തി ബോളിവുഡ് താരം

September 3, 2018

മലയാളത്തിന്റെ സൂപ്പർസ്റ്റാർ പൃഥ്വിരാജ് സംവിധായക രംഗത്തേക്ക് വരുന്നവെന്ന വാർത്ത മലയാളികൾക്ക് വളരെ സന്തോഷം നിറഞ്ഞതായിരുന്നു. പ്രിയ താരത്തിന്റെ സിനിമയിൽ മോഹൻലാൽ നായകനായി എത്തുന്നു എന്നുകൂടി കേട്ടപ്പോൾ മലയാളികളിലെ സന്തോഷം പതിന്മടങ്ങു വർധിച്ചു..നിരവധി താരനിരകൾ ഒന്നിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ടോവിനോ തോമസ് തുടങ്ങി മലയാളത്തിലെ താരനിരകൾക്കൊപ്പം ബോളിവുഡിൽ നിന്നും താരങ്ങൾ എത്തുന്നുണ്ട്.

ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ നിറ സാന്നിധ്യമായിരുന്ന വിവേക് ഒബ്‌റോയിയും ലൂസിഫറിൽ മുഖ്യകഥാപത്രമായി എത്തുന്നുണ്ട്. അതേസമയം മലയാള സിനിമയിൽ അഭിനയിക്കാൻ എത്തിയതിന്റെ വിശേഷങ്ങളും ഏറെക്കാലമായി മനസ്സിൽ സൂക്ഷിച്ചു നടന്ന ആഗ്രഹം സഫലമാകുന്നതിന്റെ സന്തോഷവും വ്യക്തമാക്കുകയാണ് വിവേക് ഒബ്‌റോയ്.

മോഹന്‍ലാലിന് ഒപ്പം മലയാളത്തില്‍ അഭിനയിക്കണം എന്ന ഏറെ നാളത്തെ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് താരം. ”മലയാള സിനിമയിൽ നിന്ന് നിരവധി ഓഫറുകള്‍ വന്നിരുന്നെങ്കിലും ആദ്യസിനിമ ലാലേട്ടനോടൊപ്പം വേണമെന്ന് ഞാന്‍ നേരത്തെ തുറന്ന് പറഞ്ഞിരുന്നു. ലൂസിഫർ എന്ന ചിത്രത്തിലേക്ക് തന്നെ ആദ്യം വിളിച്ചത്  പൃഥ്വിരാജാണ്‌. ഞങ്ങൾക്ക് തമ്മിൽ നേരിട്ട് കാണാൻ സാധിക്കാതിരുന്നതിനാൽ ഫോണിൽ കൂടി പൃഥ്വിരാജ് കഥ പറയുകയായിരുന്നു. കഥ കേട്ടയുടെനെ തന്നെ ഞാൻ വളരെ എക്‌സൈറ്റഡായി. ഉടന്‍ തന്നെ ചിത്രത്തിൽ അഭിനയിക്കുന്നതിന് ഞാന്‍ സമ്മതം അറിയിക്കുകയായിരുന്നു. ലാലേട്ടന്‍, മഞ്ജുവാര്യര്‍, ടോവിനോ അങ്ങനെ മികച്ച താരനിരയാണ് സിനിമയില്‍ ഉള്ളത്’. ലാലേട്ടനുമായി തനിക്ക് വല്ലാത്തൊരു ആത്മബന്ധമാണുള്ളത്. ഇന്ത്യ കണ്ട മഹാനടന്‍മാരില്‍ ഒരാളായ അദ്ദേഹത്തെപ്പോലൊരു പ്രതിഭയോട് തനിക്ക് തികഞ്ഞ ആദരവാണ്. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ഇത്”. വിവേക് പറഞ്ഞു.

“ചിത്രത്തിലെ ഓരോ സീനും മികച്ചതാക്കാന്‍ സംവിധായകന്‍ പൃഥിരാജ് എടുക്കുന്ന ശ്രമം കാണുമ്പോള്‍ തനിക്ക് റാംഗോപാല്‍ വര്‍മ്മയുടെ ‘കമ്പനി’, ‘സര്‍ക്കാര്‍ ഡെയ്‌സ്’ തുടങ്ങിയ സിനിമകളുടെ ഷൂട്ടിംഗ് ദിവസങ്ങളാണ് ഓര്‍മ്മ വരുന്നത്.കേരളത്തിലെ പ്രളയത്തിന്റെ സമയത്താണ് ഞാൻ ഇവിടെ എത്തിയത്. സോഷ്യല്‍ മീഡിയ വഴി കേരളത്തിലേക്ക് സഹായം എത്തിക്കാന്‍ താന്‍ ശ്രമിച്ചെന്നും സെലിബ്രിറ്റിയോ സാധാരണക്കാരനെന്ന വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായത് കാണാന്‍ കഴിഞ്ഞെന്നത്തിൽ സന്തോഷം തോന്നിയെന്നും” താരം പറഞ്ഞു നിർത്തി.

ലൂസിഫറിന്റെ തിരക്കഥ ഒരുക്കുന്ന മുരളി ഗോപിക്കും ചിത്രം നിർമ്മിക്കുന്ന ആന്റണി പെരുമ്പാവൂരിനുമൊപ്പം താര രാജാക്കന്മാർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിലെ മാജിക് കാണാൻ ഏറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ലൂസിഫർ’ തികച്ചും വ്യത്യസ്തമായ ഒരു സിനിമയായിരിക്കുമെന്നും തിരക്കഥയിലും മേക്കിങ്ങിലും പുതുമ പുലർത്തുന്ന ലൂസിഫർ എല്ലാ അർത്ഥത്തിലും നല്ല ഒരു ചലച്ചിത്ര അനുഭവമായിരിക്കുമെന്നും മോഹൻലാൽ  നേരത്തെ ആരാധകരോട് പറഞ്ഞിരുന്നു. പൃഥ്വിരാജ് എന്ന നടൻ സംവിധായക വേഷമണിഞ്ഞുകൊണ്ട് മലയാളികൾക്ക് നൽകുന്ന ഒരു സമ്മാനമായിരിക്കും ലൂസിഫർ എന്നാണ് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ  ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്.