ആശംസയ്‌ക്കൊപ്പം ‘ചിയേഴ്‌സ്’; കൗതുകമായി ഒരു വിവാഹവസ്ത്രം

September 6, 2018

വിവാഹത്തില്‍ വിത്യസ്തത ഇഷ്ടപ്പെടുന്നവരാണ് ലോകമെമ്പാടും. ചിലര്‍ സേവ് ദ് ഡേറ്റ് വിത്യസ്തമാക്കുന്നു. മറ്റുചിലര്‍ ആഘോഷപരിപാടികള്‍ വിത്യസ്തമാക്കുന്നു. ഭക്ഷണം വിത്യസ്തമാക്കുന്ന വേറേ ചിലര്‍. ഇങ്ങനെ നീളുന്നു വിവാഹത്തിലെ വിത്യസ്തതകള്‍. എന്നാല്‍ വിത്യസ്തത കൊണ്ട് കൗതുകമായിരിക്കുകയാണ് ഒരു വിവാഹ വസ്ത്രം. സ്‌കോട്ടിഷ് യുവതിയായ കെല്ലി മക്മില്ലിന്റെ വിവാഹവസ്ത്രമാണ് കാഴ്ചക്കാരുടെ ഉള്ളില്‍ അത്ഭുതം ജനിപ്പിക്കുന്നത്.

വധുവിനടുത്തെത്തി ആശംസകളറിയിക്കുന്നവര്‍ക്ക് ഒപ്പം ഒരു ചിയേഴ്‌സും പറയാം. ഷാംപെയ്ന്‍ നിറച്ച ഗ്ലാസുകളുണ്ട് കെല്ലിയുടെ വിവാഹ വസ്ത്രത്തില്‍. ഒന്നും രണ്ടുമല്ല അമ്പത് ഗ്ലാസുകളാണ് ഷാംപെയ്ന്‍ നിറച്ച് ഈ വിവാഹ വസ്ത്രത്തോടൊപ്പമുള്ളത്.
വിവാഹ വസ്ത്രമായ ഗൗണിനു സമാനമായ രീതിയില്‍ ഒരു ഫ്രെയിം നിര്‍മ്മിച്ചു. മുപ്പത് കിലോ സ്റ്റീലിലാണ് ഇത് നിര്‍മ്മിച്ചത്. ഡേവിഡ് റൈറ്റ് എന്നയാളാണ് കൗതുകകരമായ ഈ വിവാഹ വസ്ത്രത്തിനു പിന്നില്‍. വെള്ള നിറം തന്നെയാണ് ഫ്രെയിമിനുമുള്ളത്. നാല് നിരകളിലായി അമ്പത് ഗ്ലാസുകള്‍ തൂക്കിയിടാനുള്ള സൗകര്യം ഈ ഫ്രെയിമിനുണ്ട്. കര്‍ട്ടന്‍ ഹുക്കുകളിലാണ് ഈ ഗ്ലാസുകള്‍ തൂക്കിയിടുക.

ഭാരമുള്ളതിനാല്‍ ഈ ഫ്രെയിം ധരിച്ച് നടക്കുക പ്രയാസമാണ്. എന്നാല്‍ ഈസിയായി ഇതിനുള്ളിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യാം. തന്റെ ഈ വിവാഹവസ്ത്രം വാടകയ്ക്ക് നല്‍കാനാണ് കെല്ലിയുടെ തീരുമാനം. എന്തായാലും രൂപകല്‍പനയിലെ വിത്യസ്തത കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ് ഈ വിവാഹവസ്ത്രം.