‘അച്ഛന്റെ സംഗീതം കേട്ടുറങ്ങുന്ന മകൾ’; മകൾക്ക് പിന്നാലെ യാത്രയായി അച്ഛനും; കരളലിയിപ്പിക്കുന്ന വീഡിയോ കാണാം
‘താളപ്പിഴകളില്ലാതെ ശ്രുതി ചേർത്ത സംഗീതത്തിന്റെ താളം പെട്ടന്ന് നിലച്ചതുപോലെ വലിയൊരു ശൂന്യത’...വയലിൻ തന്ത്രികളിൽ വിസ്മയം സൃഷ്ടിക്കുന്ന ബാലഭാസ്കറിന്റെ വിയോഗം കലാലോകം ഞൊട്ടലോടെയാണ് കേട്ടത്. മലയാളികളുടെ പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികളുമായി ലോകം മുഴുവനുമുള്ള മലയാളികൾ എത്തുമ്പോൾ ബാലു ബാക്കി വച്ച് പോയ ഒരുപാട് ഓർമ്മകൾ മലയാളികളുടെ മനസ്സിൽ ഉണങ്ങാത്ത വേദനയായി നിറഞ്ഞു നിൽക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച്ച പുലർച്ചെയാണ് ബാലുവും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. അപകടത്തിൽ ഏകമകളായ തേജസ്വിനി മരിച്ചിരുന്നു.
ആശുപത്രിയിൽ ആയിരുന്ന ബാലുവിന്റെ നിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന വാർത്ത ഇന്നലെ കേരളക്കരയ്ക്ക് ആശ്വാസം നൽകിയിരുന്നു. എന്നാൽ ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെത്തുടർന്ന് സംഗീതത്തിനോടും കലയോടും ഈ ലോകത്തോടും തന്റെ പ്രിയതമയോടും യാത്ര പറഞ്ഞ് താരം ഈ ലോകത്ത് നിന്ന് മറയുകയായിരുന്നു. ബാലഭാസ്കറിന്റെ സംഗീതം ആസ്വദിച്ച് ഉറങ്ങുന്ന കുട്ടിയുടെയും കുട്ടിയെ ഉറക്കുന്ന ലക്ഷ്മിയുടെയും വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിറകണ്ണുകളോടെയല്ലാതെ മലയാളികൾക്ക് കേൾക്കാൻ കഴിയാത്ത ഒരു മധുര സുന്ദര സംഗീതത്തിന്റെ വീഡിയോ കാണാം.
തൃശൂരില്‍ നിന്നും ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജങ്ഷന് സമീപമായിരുന്നു അപകടമുണ്ടായത്. ബാലാഭാസ്കറും കൂടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. പോസ്റ്റ് മാർട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം സംസ്കരിക്കും. മകളും ഭർത്താവും മരിച്ചതറിയാതെ ആശുപത്രി കിടക്കയിൽ കിടക്കുകയാണ് ലക്ഷ്മി.