’96’ ലൂടെ കയ്യടി നേടി ഈ അമ്മയും മകളും
തിയേറ്ററുകൾ കീഴടക്കി മുന്നേറികൊണ്ടിരിക്കുന്ന സി പ്രേം കുമാർ ചിത്രം ’96’ ലെ പ്രകടനത്തിലൂടെ വിജയ് സേതുപതിക്കും തൃഷയ്ക്കും ഒപ്പം കൈയ്യടി നേടുകയാണ് ഈ അമ്മയും മകളും. ചിത്രം കണ്ട് പുറത്തിറങ്ങുന്ന ആർക്കും അത്ര പെട്ടന്ന് മറക്കാൻ സാധിക്കാത്ത കഥാപത്രങ്ങളാണ് ജാനകിയും രാമചന്ദ്രനും. അവർക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ താരങ്ങളാണ് സുഹാസിനിയും ദേവദർശിനിയും.
ജാനകിയുടെ പ്രിയ സുഹൃത്തായി എത്തുന്ന സുഹാസിനിയുടെ ചെറുപ്പമാണ് ദേവദർശിനി വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത്. അമ്മയ്ക്കൊപ്പം വെള്ളിത്തിരയിൽ എത്തിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ദേവദർശിനി.
1996 ലെ സ്കൂൾ പ്രണയം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കഥാപാത്രത്തിന്റെ വിത്യസ്തമായ മൂന്നു ഘട്ടങ്ങളെയും വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
സി പ്രേം കുമാറാണ് ചിത്രത്തിന്റെ സംവിധാനം. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 96. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.
ജനകരാജ്, വിനോദിനി, കാളി വെങ്കട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഹേന്ദ്രന് ജയരാജും എന്‍ ഷണ്മുഖ സുന്ദരവും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോവിന്ദ് പി മേനോനാണ് സംഗീതം. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എസ്. നന്ദഗോപാലാണ്. ചിത്രം മികച്ച പ്രതികരണവുമായി തിയേറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുകയാണ്.