പ്രതീക്ഷയോടെ ഇന്ത്യൻ ഫുട്ബോൾ ആരാധകർ; ഏറ്റുമുട്ടാൻ ഒരുങ്ങുന്നത് ലോക ഫുട്ബോളിലെ വൻ ശക്തരെ

വരാനിരിക്കുന്ന ഇന്റർനാഷണൽ ബ്രേക്കിൽ ഇന്ത്യ യൂറോപ്പിലെ വൻ ശക്തികളായ നെതർലൻഡ്സിനെ നേരിടാനൊരുങ്ങുന്നു. നവംബറിലാണ് അടുത്ത ഇന്റർനാഷണൽ ബ്രേക്ക്. എന്നാൽ മത്സരത്തെക്കുറിച്ച് ഇതു വരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഏഷ്യൻ കപ്പ് ജനുവരിയിൽ നടക്കാനിരിക്കെ മികച്ച ടീമുകളുമായി അതിനു മുൻപ് സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഇന്ത്യ ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഹോളണ്ടുമായി സൗഹൃദ മത്സരത്തിനു സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ ഉയരുന്നത്. അടുത്തു നടന്ന സൗഹൃദ മത്സരത്തിൽ കരുത്തരായ ചൈനയെ ഇന്ത്യ സമനിലയിൽ തളച്ചിരുന്നു.
ഏഷ്യൻ കപ്പിനു മുൻപുള്ള ഇന്ത്യയുടെ അടുത്ത സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിനെ ഇതുവരെ തീരുമാനിച്ചിട്ടില്ല. നേരത്തെ ജോർദാനുമായി ഇന്ത്യ കളിക്കുമെന്നു സൂചനകൾ ഉണ്ടായിരുന്നു. ഇതിനു പുറമേ ഹോളണ്ടുമായും ഏറ്റുമുട്ടിയാൽ ഏഷ്യൻ കപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിനത് വലിയ ആത്മവിശ്വാസമായിരിക്കും നൽകുക. കഴിഞ്ഞ മത്സരത്തിൽ ജർമനിയെ മൂന്നു ഗോളിന് തോൽപിച്ച ടീമാണ് ഹോളണ്ട്.