രാജ്യാന്തര ചലച്ചിത്രമേള; മത്സര വിഭാഗത്തിലേക്ക് രണ്ട് മലയാള ചിത്രങ്ങള്‍
രാജ്യാന്തര ചലച്ചിത്ര മേള(ഐഎഫ്എഫ്കെ)യിലെ മത്സരവിഭാഗത്തിലേക്കുള്ള മലയാള ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. രണ്ട് മലയാള ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ ഇടം നേടിയത്. സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ‘ , ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ഈ മ യൗ’ എന്നീ ചിത്രങ്ങളാണ് മത്സര വിഭാഗത്തിലേക്കായി തിരഞ്ഞെടുത്തത്.
ഇതിനുപുറമെ ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്ക് പന്ത്രണ്ട് ചിത്രങ്ങളും പ്രദര്‍ശനത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ‘ഓത്ത്’, ‘പറവ’, ‘ഭയാനകം’, ‘ഉടലാഴം’, ‘മായാനദി’, ‘ബിലാത്തിക്കുഴല്‍’, ‘പ്രതിഭാസം’, ‘ഈട’, ‘കോട്ടയം’, ‘ഹ്യൂമന്‍സ് ഓഫ് സംവണ്‍’, ‘സ്ലീപ് ലെസ്സ്ലി യുവേഴ്സ്’, ‘അവേ മരിയ’ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിലേക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഡിസംബര്‍ ഏഴു മുതല്‍ മേളയ്ക്ക് തുടക്കമാകും. ചെലവ് ചുരുക്കിയായിരിക്കും മേള സംഘടിപ്പിക്കുക. പ്രളയക്കെടുതിയെ തുടര്‍ന്ന് ഐഎഫ്എഫ്കെ നടത്തേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ചലച്ചിത്ര അക്കാദമിയുടെ നിര്‍ദ്ദേശം പരിഗണിച്ചാണ് കുറഞ്ഞ ചെലവില്‍ ഫിലിം ഫെസ്റ്റിവല്‍ നടത്താന്‍ തീരുമാനമായത്. ഡിസംബര്‍ ഏഴിനു ആരംഭിക്കുന്ന മേള 14 ന് അവസാനിക്കും. പതിവുപോലെ തിരുവനന്തപുരം തന്നെയാണ് മേളയുടെ വേദി.
മൂന്നരക്കോടി രൂപയായി ഈ വര്‍ഷത്തെ ചെലവ് ചുരുക്കാനാണ് ചലച്ചിത്ര അക്കാദമിയുടെ തീരുമാനം. കഴിഞ്ഞ വര്‍ഷം ആറുകോടി മുപ്പത്തിയഞ്ച് ലക്ഷമാണ് ചെലവായത്. അതേസമയം ഈ വര്‍ഷം ഡെലിഗേറ്റ് ഫീസ് ഉയര്‍ത്തിയിട്ടുണ്ട്. 2000 രൂപയാണ് ഡെലിഗേറ്റ് ഫീസ്. വിദ്യാര്‍ത്ഥികളില്‍ നിന്നും പകുതി നിരക്കായിരിക്കും ഈടാക്കുക. ഈ വര്‍ഷം 12,000 പാസുകള്‍ നല്‍കാനാണ് തീരുമാനമായിരിക്കുന്നത്.
ചലച്ചിത്രമേളയില്‍ 120 സിനിമകളാണ് ഈ വര്‍ഷം പ്രദര്‍ശിപ്പിക്കുന്നത്. പന്ത്രണ്ട് തീയറ്ററുകളിലായിട്ടായിരിക്കും പ്രദര്‍ശനം നടക്കുക.