എഎഫ്സി ചാമ്പ്യന്‍ഷിപ്പ്: ക്വാര്‍ട്ടര്‍ പോരാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ യുവനിര
എഎഫ്സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ഇന്ന് പോരാട്ടത്തിനിറങ്ങും. ദക്ഷിണകൊറിയയോടാണ് ഇന്ത്യയുടെ മത്സരം. ഈ മത്സരത്തില്‍ ഇന്ത്യ വിജയം കണ്ടാല്‍ രാജ്യത്തിന് ചരിത്രനേട്ടം തന്നെയാകും അത്. ഫിഫയുടെ കൗമാര ലോകകപ്പില്‍ ഇന്ത്യയ്ക്ക് പോരട്ടാത്തിനിറങ്ങാനും സാധിക്കും. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എഎഫ്സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ക്വാര്ട്ടര്ഫൈനലിലെത്തുന്നത്. ഏറെ പ്രതിക്ഷയോടെയാണ് ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികള്‍ മത്സരത്തെ ഉറ്റുനോക്കുന്നത്.
കനത്തവെല്ലുവിളികള്‍ നിറഞ്ഞതുതന്നെയാണ് ദക്ഷിണകൊറിയയോടുള്ള ഇന്ത്യയുടെ പോരാട്ടം. ജയിച്ചാല്‍ സെമിഫൈനല്‍ ഉറപ്പാക്കുന്നതോടൊപ്പം അടുത്തവര്‍ഷം പെറുവില്വെച്ചു നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിലും ഇന്ത്യയ്ക്ക് പോരാട്ടത്തിനിറങ്ങാം. സെമിഫൈനലിലെത്തുന്ന നാല് ടീമുകള്‍ക്കാണ് അടുത്തവര്‍ഷത്തെ ലോകകപ്പിന് അവസരം ലഭിക്കുക.
2002 ലും ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരുന്നു. ഇത്തവണ പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇഡോന്യേഷ്യയുമായി നടന്ന സി ഗ്രൂപ്പിലെ അവസാന മത്സരം ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്.
മൂന്നു മത്സരങ്ങളിലായി ഒരു ജയവും രണ്ട് സമനിലയും ലഭിച്ച ഇന്ത്യയ്ക്ക് നിലവില്‍ അഞ്ച് പോയിന്റുകളാണുള്ളത്. അണ്ടര്‍16 എഎഫ്സി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമത്സരത്തില്‍ വിയറ്റ്നാമിനോടാണ് ഇന്ത്യ ഏറ്റുമുട്ടിയത്. കളിയില്‍ ഇന്ത്യ വിജയവും കണ്ടു. രണ്ടാമത്തെ മത്സരത്തില്‍ ഇറാനോടും ഗോള്‍രഹിത സമനിലയില്‍ പിരിയേണ്ടി വന്നു. ദക്ഷിണ കൊറിയ ശക്തമായ ടീമാണെങ്കിലും ഇന്ത്യന്‍ യുവനിരയില്‍ ഏറെ പ്രതീക്ഷ കാത്തുസൂക്ഷിക്കുന്നുണ്ട് ആരാധകര്‍.
India U16 stay a win away from qualifying to the @FIFAcom U17 World Cup. Cheer to #BackTheBlue #WeAreIndia@theafcdotcom U16 Championship quaterfinal live on @StarSportsIndia.
#IndianFootball #KORvIND #StarsOfTomorrow pic.twitter.com/wt2bS1myNx
— Indian Football Team (@IndianFootball) 30 September 2018