അങ്കമാലി ഡയറീസ് ബോളിവുഡിലേക്ക്..

October 9, 2018

നിരവധി പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ലിജോ ജോസ് പല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസ് ബോളിവുഡിലേക്ക്. ചെമ്പൻ വിനോദ് തിരക്കഥ എഴുതി മലയാളത്തിൽ നിറഞ്ഞാടിയ ചിത്രം ഹിന്ദിയിലേക്ക് നിർമ്മിക്കാൻ ഒരുങ്ങുമ്പോൾ വിക്രം മൽഹോത്രയാണ് ചിത്രത്തിന്റെ പകർപ്പവകാശം കരസ്ഥമാക്കിയത്. എയര്‍ലിഫ്ട്, മിത്രോം എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച വ്യക്തിയാണ് വിക്രം മല്‍ഹോത്ര.

അങ്കമാലി ഡയറീസിന്റെ ഹിന്ദി വേർഷനിലൂടെ ബോളിവുഡില്‍ തന്‍റെ ആദ്യ ചുവട് വക്കാനൊരുങ്ങുകയാണ് സംവിധായകനായ ലിജോ. പക്ഷെ, ഇത്തവണ സംവിധായക വേഷത്തിലല്ല, സിനിമയുടെ ക്രിയേറ്റീവ് കണ്‍സള്‍ട്ടന്‍റിന്‍റെ റോളിലാണ് അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്.

മലയാളത്തില്‍ സൂപ്പർ ഹിറ്റായി മാറിയ ചിത്രം വലിയ വിജയത്തിന് ശേഷം മറ്റ് പല ഭാഷകളിലേക്കും മൊഴിമാറ്റത്തിന് ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പില്‍ വിശ്വക് സെന്നാണ് നായകനായെത്തുന്നത്. മറാത്തിയില്‍ ചിത്രം കോലാപ്പൂര്‍ ഡയറീസ് എന്ന പേരിലായിരിക്കും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുക.

അതേസമയം വളരെ വിരളമായി മാത്രം സംഭവിക്കുന്ന ചിത്രങ്ങളിൽ ഒന്നായ അങ്കമാലി ഡയറീസിനെ ഹിന്ദിയിലേക്ക് മൊഴിമാറ്റാൻ സാധിച്ചതിൽ വളരെ സന്തോഷവാനാണെന്നും, മലയാളികൾ അല്ലാത്തവരെ വരെ വിസ്മയിപ്പിച്ച ചിത്രമാണ് അങ്കമാലി ഡയറീസ് എന്നും മൽഹോത്ര പറഞ്ഞു.