ദിലീപിനൊപ്പം കാലകേയന്‍; തരംഗമായി ‘കോടതി സമക്ഷം ബാലന്‍ വക്കീലി’ലെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍

October 30, 2018

സാമൂഹ്യമാധ്യമങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ് ‘ബാഹുബലി’ എന്ന ചിത്രത്തിലെ കാലകേയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാകര്‍ ദിലീപിനോട് സംസാരിക്കുന്ന രസകരമായ വീഡിയോ. ബാഹുബലി ഒന്നാം ഭാഗത്തിലായിരുന്നു കാലകേയനും കാലകേയന്റെ ഭാഷയായ കിലികിലി ഭാഷയും ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഈ ഭാഷയില്‍ തന്നെയാണ് പ്രഭാകര്‍ ദിലീപിനോട് സംസാരിക്കുന്നതും. ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രം ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണ് ഈ രസകരമായ വീഡിയോ.

വക്കീല്‍ വേഷത്തിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. ‘പാസഞ്ചര്‍’ എന്ന സിനിയ്ക്ക് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. മംമ്താ മോഹന്‍ദാസും പ്രിയ ആനന്ദും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. ദിലീപിന്റെ കാരക്ടര്‍ പോസ്റ്ററല്ലാതെ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ആലപ്പുഴ എറണാകുളം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.