വയലിൻ തന്ത്രികളിൽ വിസ്മയം സൃഷ്ടിച്ച പ്രിയകലാകാരന് ആദരാഞ്ജലികളുമായി കലാലോകം…

October 2, 2018

സംഗീതത്തിന്റെ അത്ഭുതലോകത്ത്, വയലിൻ തന്ത്രികളിൽ വിസ്മയം സൃഷ്ടിക്കാൻ ഇനി ബാലഭാസ്കർ ഇല്ല എന്ന വാർത്ത ഏറെഞെട്ടലോടെയാണ് കേരളക്കര  ഏറ്റെടുത്തത്. പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരണത്തിൽ ആദരാഞ്ജലികളികളുമായി നിരവധി താരങ്ങളാണ് എത്തുന്നത്.

ബാലഭാസ്‌ക്കറിന്റെ  മരണത്തില്‍ അനുശോചനമർപ്പിച്ച് മലയാളികളുടെ പ്രിയപ്പെട്ട മോഹന്‍ലാല്‍. ‘വിസ്മയം തീര്‍ത്ത മാന്ത്രിക വിരലുകള്‍…ആ സംഗീതം മരിക്കുന്നില്ല. പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികള്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.

ബാലഭാസ്കറിന്‍റെ വിയോഗത്തില്‍ അനുശോചിച്ച് നടന്‍ പൃഥ്വിരാജ്. മരണം വളരെ നേരത്തേ ആയെന്നും അനീതിയാണെന്നും പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു. മകള്‍ക്കൊപ്പം മറ്റൊരു ലോകത്ത് സുഖമായിരിക്കട്ടെ എന്നും പൃഥ്വി പറഞ്ഞു.

ബാലുവിന് ആദരാഞ്ജലികളുമായി നടി  മഞ്ജു വാര്യര്‍. ആ വയലിൻ തന്ത്രികൾ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല. ഒരിക്കലും ഈ യാത്ര പറച്ചിൽ മനസ്സ് സമ്മതിച്ചു തരില്ലെന്ന് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി നടന്‍ ദിലീപ്. നഷ്ടമായത് ഒരുപാട്‌ ഉയരങ്ങൾ കീഴടക്കേണ്ടിയിരുന്ന കലാകാരനെന്ന് ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു. ”വാക്കുകൾകൊണ്ട്‌ മാത്രം വിടപറയാനാവില്ല, പ്രിയ സുഹൃത്തിന് ഒരുപാട്‌ ഉയരങ്ങൾ കീഴടക്കേണ്ടിയിരുന്ന ഒരു മഹനായ കലാകാരൻ കാലയവനികയ്ക്കുള്ളിലേക്ക്‌ മറയുന്നത്‌ അപ്രതീക്ഷിതമായാണ്‌. മറക്കാനാവുന്നില്ല, സഹിക്കാനാവുന്നില്ല, ഈ വേർപാട്‌ ” – ദിലീപ് കുറിച്ചു.