കുപ്പയിൽ നിന്നും കണ്ടെത്തിയ ആ മാണിക്യം ഇനി ബോളിവുഡിലെ നായിക..

ബോളിവുഡ് ആരാധകർ അത്രപെട്ടന്നൊന്നും മറക്കാൻ ഇടയില്ലാത്ത പേരാണ് ദിഷാനി ചക്രവർത്തി. വർഷങ്ങൾക്ക് മുമ്പ് ബോളിവുഡ് അരങ്ങ് വാണിരുന്ന മിഥുൻ ചക്രവർത്തിയുടെ വളർത്തു മകളാണ് ദിഷാനി. വർഷങ്ങൾക്ക് മുമ്പ് ഒരിക്കൽ മിഥുൻ ചക്രവർത്തിക്ക് കുപ്പയിൽ നിന്ന് ലഭിച്ച മാണിക്യം. ആ മാണിക്യത്തിന്റെ സിനിമ അരങ്ങേറ്റത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിലെ ചൂടുള്ള ചർച്ചാവിഷയം.
ഒരുകുട്ടിയെ ചവറ്റുകൂനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പത്രവാർത്തയാണ് ദിഷാനിയുടെ ജീവിതത്തിന്റെ വഴിത്തിരിവായത്. ഈ വാർത്തകണ്ട് അധികൃതരെ സമീപിച്ച മിഥുൻ ചക്രവർത്തിയും ഭാര്യ യോഗിതാ ബാലിയും ആ സുന്ദരികുട്ടിയെ പിന്നീട് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
പിന്നീട് മിഥുൻ ചക്രവർത്തിയുടെ നാലാമത്തെ മകളായി ദിഷാനിയും വളർന്നു.
ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ അഭിനയം പഠിക്കുന്ന ദിഷാനി അടുത്തിടെയാണ് തനിക്ക് ബോളിവുഡിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് വെളിപ്പെടുത്തിയത്. മകളുടെ ഈ ആഗ്രഹത്തിന് പൂർണ്ണ പിന്തുണയുമായി മാതാപിതാക്കളും കൂടെയുണ്ട്. ബോളിവുഡിലെ ഒരു സംവിധായകനുമായി ദിഷാനി ചർച്ച നടത്തിയെന്നും ഉടൻ തന്നെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുമെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.