ഐഎഫ്എഫ്‌ഐ ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടന ചിത്രം ‘ഓള്’

October 31, 2018

ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ(ഐഎഫ്എഫ്‌ഐ)യില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം മലയാള ചിത്രമായ ‘ഓള്’ ആണ്. ഷാജി എന്‍ കരുണാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോവയില്‍ വെച്ചു നടക്കുന്ന ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമയിലേക്ക് ആറ് മലയാളം ഫീച്ചര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ‘ഓള്’ എന്ന സിനിമ കൂടാതെ റഹീം ഖാദഖിന്റെ ‘മക്കന’, എബ്രിഡ് ഷൈന്റെ ‘പൂമരം’, സക്കരിയയുടെ ‘സുഡാനി ഫ്രം നൈജീരിയ’, ജയരാജിന്റെ ‘ഭയാനകം’, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഈ മ യൗ’ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റ് മലയാള ചിത്രങ്ങള്‍. ഇതിനു പുറമെ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി റാം സംവിധാനം ചെയ്ത ‘പേരന്‍പും’ പ്രദര്‍ശിപ്പിക്കും.

49-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബര്‍ 20 മുതല്‍ 28 വരെയാണ്. 26 ഫീച്ചര്‍ ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ‘ടേക്ക് ഓഫ്‘ എന്ന മലയാള ചിത്രം മാത്രമായിരുന്നു ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 21 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇവയില്‍ മൂന്ന് ചിത്രങ്ങളാണ് മലയാളത്തില്‍ ഉള്ളത്. ഷൈനി ജേക്കബ് ബഞ്ചമിന്റെ ‘സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി’, രമ്യാ രാജിന്റെ ‘മിഡ്‌നൈറ്റ് റണ്‍’, വിനോദ് മങ്കരയുടെ ‘ലാസ്യം’ എന്നിവയാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മലയാള ചിത്രങ്ങള്‍.