രാജ്യാന്തര ചലച്ചിത്രമേള; രജിസ്ട്രേഷന് നവംബര്‍ ഒന്നു മുതല്‍
രാജ്യാന്തര ചലച്ചിത്ര മേള(ഐഎഫ്എഫ്കെ)യുടെ രജിസ്ട്രേഷന് നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. എന്നാല്‍ നവംബര്‍ പത്ത് മുതലാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിക്കുക. ഡിസംബര്‍ ഏഴിനു ആരംഭിക്കുന്ന മേള 14 ന് അവസാനിക്കും.
നേരത്തെ പ്രഖ്യാപിച്ചതുപ്രകാരം മേള നടത്താന്‍ സര്‍ക്കാര്‍ പണം നല്‍കില്ല. മൂന്നരക്കോടി രൂപയായി ഈ വര്‍ഷത്തെ ചെലവ് ചുരുക്കാനാണ് ചലച്ചിത്ര അക്കാദമിയുടെ തീരുമാനം. കഴിഞ്ഞ വര്‍ഷം ആറുകോടി മുപ്പത്തിയഞ്ച് ലക്ഷമാണ് ചെലവായത്. അതേസമയം ഈ വര്‍ഷം ഡെലിഗേറ്റ് ഫീസ് ഉയര്‍ത്തിയിട്ടുണ്ട്. 2000 രൂപയാണ് ഡെലിഗേറ്റ് ഫീസ്. വിദ്യാര്‍ത്ഥികളില്‍ നിന്നും പകുതി നിരക്കായിരിക്കും ഈടാക്കുക. ഈ വര്‍ഷം 12,000 പാസുകള്‍ നല്‍കാനാണ് തീരുമാനമായിരിക്കുന്നത്.
ചലച്ചിത്രമേളയില്‍ 120 സിനിമകളാണ് ഈ വര്‍ഷം പ്രദര്‍ശിപ്പിക്കുന്നത്. പന്ത്രണ്ട് തീയറ്ററുകളിലായിട്ടായിരിക്കും പ്രദര്‍ശനം നടക്കുക. രാജ്യാന്തര മത്സര വിഭാഗത്തില്‍ 14 സിനിമകളുണ്ടാകും. പതിനാല് മലയാള സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഒമ്പത് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
പ്രളയക്കെടുതിയെ തുടര്‍ന്ന് ഐഎഫ്എഫ്കെ നടത്തേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ചലച്ചിത്ര അക്കാദമിയുടെ നിര്‍ദ്ദേശം പരിഗണിച്ചാണ് കുറഞ്ഞ ചെലവില്‍ ഫിലിം ഫെസ്റ്റിവല്‍ നടത്താന്‍ തീരുമാനമായത്.
ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ തീം ‘റീ ബില്‍ഡിംഗ്‘ എന്നതാണ്. പ്രളയക്കെടുതിയില്‍ നിന്നും അതിജീവനത്തിനുവേണ്ടിയുള്ള പാതയിലാണ് നാമെന്നും അതുകൊണ്ടാണ് ഇത്തരമൊരു പ്രമേയം ചലച്ചിത്രമേളയ്ക്കായി തിരഞ്ഞെടുത്തതെന്നും ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.