തിരുവനന്തപുരം ഏകദിനം; വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സന്തോഷ വാര്‍ത്ത
കേരളം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തിരുവനന്തപുരത്തുവെച്ചു നടക്കുന്ന ഇന്ത്യ- വിന്‍ഡീസ് അഞ്ചാം ഏകദിനം. ഇപ്പോഴിതാ മത്സരം കാണാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സന്തോഷ വാര്‍ത്ത. വിദ്യാര്‍ത്ഥികള്‍ക്കായുള്ള സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. രണ്ടായിരം സീറ്റുകളാണ് അധികമായി കുട്ടികള്‍ക്കുവേണ്ടി മാറ്റിവെച്ചിരിക്കുന്നത്. വന്‍തോതില്‍ കുട്ടികളുടെ ടിക്കറ്റ് വിറ്റുപോകുന്നതു നിമിത്തമാണ് അധികൃതരുടെ പുതിയ നീക്കം.
ടിക്കറ്റ് നിരക്കുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1000, 2000, 3000, എന്നിങ്ങനെയാണ് നിരക്കുകള്‍. കേരള ക്രിക്കറ്റ് അസോസിയേഷന് ജനറല്‍ ബോഡി യോഗത്തിലാണ് ടിക്കറ്റ് നിരക്കുകള്‍ തീരുമാനിച്ചത്. ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മൊബൈലിലെ ടിക്കറ്റ് പകര്‍പ്പോ പ്രിന്റ്ഔട്ടോ എടുത്ത് സ്റ്റേഡിയത്തിനകത്തു പ്രവേശിക്കാനാകും.
അതേ സമയം ഓണ്‍ലൈന്‍ വഴി ആയിട്ടുമാത്രമാണ് ടിക്കറ്റുകളുടെ വില്പന. പേയ്ടിഎം, ഇന്‍സൈഡര്‍.ഇന്‍ എന്നിവ വഴിയാണ് ടിക്കറ്റുകള്‍ ലഭിക്കുക. ഇതിനു പുറമെ ടിക്കറ്റുകള്‍ അക്ഷയ ഇ-കേന്ദ്രങ്ങള്‍ വഴിയും ലഭ്യമാകും.
വിദ്യാര്‍ത്ഥികള്‍ക്കും ക്ലബ്ലുകള്‍ക്കും പ്രത്യേക ഇളവും നിരക്കില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം 1000 രൂപയുടെ ടിക്കറ്റിന് ഇവര്‍ക്ക് 50% ശതമാനം ഇളവ് ലഭിക്കും. സ്പോര്‍ട്സ് ഹബ്ബിന്റെ ഏറ്റവും മുകളിലുള്ള നിരയിലെ ടിക്കറ്റിന്റെ നിരക്കാണ് 1000 രൂപ. ടിക്കറ്റ് നിരക്കില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തില്‍ നിന്നും നിശ്ചിത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് തീരുമാനം.