ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടെസ്റ്റ്: ബാറ്റിംഗില്‍ മികവ് പുലര്‍ത്തി ഇന്ത്യ
വെസ്റ്റ്ഇന്‍ഡസിനെതിരെയുള്ള രണ്ടാം ടെസ്റ്റിലും ഇന്ത്യ ബാറ്റിംഗില്‍ മികച്ചു നില്ക്കുന്നു. രണ്ടാംദിനം ചായയ്ക്ക് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. 19 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയും 9 റണ്‍സ് നേടിയ ഋഷഭ് പന്തുമാണ് ക്രീസില്‍.
നാല് റണ്‍സെടുത്ത കെഎല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. സെഞ്ചുറി തികയ്ക്കാനായില്ലെങ്കിലും 70 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് പൃത്വി ഷാ പുറത്തായത്. ഇതില്‍ പതിനൊന്ന് ബൗണ്ടറികളും ഒരു സിക്സും അടങ്ങും. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി 45 റണ്‍സുമെടുത്തു. പത്ത് റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയ്ക്ക് നഷ്ടമായ മറ്റൊരു താരം.
ഇന്ത്യ വെസ്റ്റ്ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഇന്നിങ്സില്‍ വിന്‍ഡീസ് 311 റണ്‍സെടുത്തു. 101.4 ഓവറിലാണ് വെസ്റ്റ്ഇന്‍ഡീസ് 311 റണ്‍സ് എടുത്തത്. ഏഴുവിക്കറ്റിന് 295 റണ്‍സെന്ന നിലയിലായിരുന്നു വെസ്റ്റ്ഇന്‍ഡീസ് രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. റോസ്റ്റന്‍ ചേസും ദേവേന്ദ്ര ബിഷു എന്നിവരായിരുന്നു ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ക്രീസില്‍. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 98 റണ്‍സെടുത്ത ചേസ് റണ്ടാം ദിനം സെഞ്ചുറി തികച്ചു. 189 പന്തില്‍ 106 റണ്‍സാണ് ചേസ് അടിച്ചെടുത്തത്.