ഇന്ത്യ-വിന്‍ഡീസ് ക്രിക്കറ്റ് ടെസ്റ്റ്: പരമ്പര സ്വന്തമാക്കി ഇന്ത്യ

October 15, 2018

വെസ്റ്റ്ഇന്‍ഡീസിന് എതിരെ നടന്ന ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കി. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 16.1 ഓവറിന് ഇന്ത്യ വിജയം കണ്ടു. 72 റണ്‍സായിരുന്നു രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ വിജയലക്ഷ്യം. ഒരു വിക്കറ്റ് പോലും നഷ്ടമാകാതെയാണ് ഇന്ത്യ വിജയം കണ്ടത്. ഇന്ത്യയുടെ ഓപ്പണര്‍മാരായ പൃഥിഷായും കെഎല്‍ രാഹുലും പുറത്താകാതെ നിന്നു.

രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 56 റണ്‍സിന്റെ ലീഡായിരുന്നു വെസ്റ്റ്ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്കുണ്ടായിരുന്നത്. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ വിന്‍ഡീസ് 46.1 ഓവറില്‍ 127 റണ്‍സിന് പുറത്തായി. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് നാലും രവീന്ദ്ര ജഡേജ മൂന്നും അശ്വിന്‍ രണ്ട് വിക്കറ്റും എടുത്തു.

വെസ്റ്റ്ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലും ഇന്ത്യയ്ക്ക് തന്നെയായിരുന്നു വിജയം. രണ്ടാം ടെസ്റ്റിലും വിജയം കണ്ടതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. മൂന്നു ദിവസങ്ങള്‍ മാത്രമാണ് രണ്ട് ടെസ്റ്റുകളും നീണ്ടുനിന്നത്.

രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 367 റണ്‍സെടുത്ത് ഇന്ത്യ പുറത്തായി. 56 റണ്‍സ് ഇന്നിങ്‌സ് ലീഡുമായാണ് ഇന്ത്യ പുറത്തായത്. വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറാണ് മൂന്നാം ദിനം ഇന്ത്യയെ അപ്രതീക്ഷിതമായി തിരിച്ചടിച്ചത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തി.