ബോധവത്കരണ പരിപാടിയിൽ നടൻ ജഗതി ശ്രീകുമാർ…കൈവീശി ആരാധകർക്ക് ആവേശം പകർന്ന് മലയാള സിനിമയുടെ ഹാസ്യ രാജാവ്..

October 14, 2018

മലയാള സിനിമ എന്നും അത്ഭുതത്തോടെ നോക്കി നിന്ന അതുല്യ കലാപ്രതിഭയാണ് നടൻ ജഗതി ശ്രീകുമാർ. റോഡപകടത്തെ തുടർന്ന് വർഷങ്ങളായി സിനിമയിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കുന്ന താരം മലയാള സിനിമയ്ക്ക് എന്നും മുതൽ  കൂട്ടായിരുന്നു. താരത്തിന്റെ തിരിച്ചു വരവ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് ആശ്വാസം പകരുന്നതായിരുന്നു പൊതുപരിപാടിയിൽ എത്തിയ അദ്ദേഹത്തിൻറെ സാന്നിധ്യം. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണത്തിനായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സേഫത്തോൺ പരിപാടിയിലാണ് നടനെത്തിയത്.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പൊതുപരിപാടിയിൽ റോഡ് അപകടത്തിന് ഇരയായ അദ്ദേഹം എത്തിയത് ആളുകൾക്ക് തികച്ചും ആവേശം പകർന്നു. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത പരിപാടിയിൽ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. തിരുവനന്തപുരം മാനവീയം വീഥിയിൽ നിന്ന് കവടിയാർ വരെ മൂന്ന് കിലോമീറ്ററായിരുന്നു സേഫത്തോൺ സംഘടിപ്പിച്ചത്.

കേരളത്തിൽ റോഡപകടങ്ങൾക്ക് ഇരയായി നിരവധി ജീവനുകൾ ദിവസേന പൊലിയുന്നതിനാൽ ആളുകൾക്ക് ബോധാവാതകരണം നൽകുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിച്ച പരിപാടിയായിരുന്നു സേഫത്തോൺ.

പൊതുവേദികളിലൊന്നും സജീവമല്ലെങ്കിലും സേഫത്തോണിൽ പങ്കെടുക്കാനുള്ള ക്ഷണം സന്തോഷത്തോടെ ജഗതി സ്വീകരിക്കുകയായിരുന്നെന്ന് സംഘാടകർ പറഞ്ഞു. കേരളത്തിലെ ഒരു സ്വകാര്യ ഗ്രൂപ്പാണ് സേഫത്തോൺ സംഘടിപ്പിച്ചത്. ഡിജിപി ലോക്നാഥ് ബെഹ്റയും മറ്റ് നിരവധി ആളുകൾക്കൊപ്പം  പരിപാടിയിൽ പങ്കെടുത്തു.