”എന്റെ മാത്രം പെണ്‍കിളി…; ‘ജോണി ജോണി യെസ് അപ്പ’യിലെ പുതിയ വീഡീയോ ഗാനം
മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന് നായകനായെത്തുന്ന ‘ജോണി ജോണി യെസ് അപ്പ’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ‘എന്റെ മാത്രം പെണ്‍കിളി…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് യുട്യൂബില്‍ റിലീസ് ചെയ്തത്.
കുഞ്ചാക്കോ ബോബനും അനു സിത്താരയും നിറഞ്ഞു നില്ക്കുന്ന വീഡിയോ പ്രണയാര്‍ദ്രമാണ്. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. സച്ചിന് വാര്യരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം.
ജി മാര്‍ത്താണ്ഡനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അനു സിത്തര, ഷറഫുദ്ദീന്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ‘രാമന്റെ ഏദന്‍തോട്ടം’ എന്ന സിനിമയ്ക്കു ശേഷം കുഞ്ചാക്കോ ബോബനും അനു സിത്താരയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ‘ജോണി ജോണി യെസ് അപ്പ‘ എന്ന ചിത്രത്തിനുണ്ട്. ജോജി തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈശാഖ് രാജനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ഹാസ്യം തന്നെയാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം. കോമഡി എന്റര്ടെയ്നര് വിഭാഗത്തില്‍ ഉള്‍പ്പെട്ട ചിത്രമാണെങ്കിലും നല്ലൊരു കുടുംബ ചിത്രം കൂടിയാണ് ‘ജോണി ജോണി യെസ് അപ്പ’ എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. ഒരുപിടി നര്‍മ്മ മൂഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ഈ ചിത്രത്തിനായ് ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.