ഹൃദയ സ്പർശിയായ ഗാനവുമായി ‘ജോസഫ്’; പുതിയ ഗാനം കാണാം..

October 30, 2018

ജോജു ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രം ജോസഫിലെ ഗാനം പുറത്തിറങ്ങി. നടന്‍ കുഞ്ചാക്കോ ബോബന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തിറക്കിയത്. ‘പൂമൊത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍ മഴയായി പെയ്‌തെടീ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. നിരഞ്ച് സുരേഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. അജീഷ് ദായന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രഞ്ചിന്‍ രാജാണ്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും നിറയെ സസ്പെൻസുകൾ നിറഞ്ഞതാണ്. ചിത്രം നവംബര്‍ 16 ന് തിയറ്ററുകളിലെത്തും. ജോജു ജോര്‍ജ് തന്നെ ചിത്രത്തിന്റെ റിലീസ് തീയതി താരത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

‘ജോസഫ്’ എന്ന ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഷീഹി കബീറിന്റേതാണ് തിരക്കഥ. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം.

സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.