‘അച്ഛനൊപ്പമുള്ള സിനിമ’; വെളിപ്പെടുത്തലുമായി കാളിദാസ് ജയറാം…

October 30, 2018

ബാലതാരമായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ കാളിദാസ് ജയറാം എന്ന കൊച്ചു മിടുക്കൻ നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം നടനായി എത്തിയപ്പോൾ ഇരുകൈകളും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്… ബാല താരമായിരിക്കെ തന്നെ തന്റെ അസാധ്യമായ അഭിനയ പാടവത്തിലൂടെ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ കാളിദാസ് ജയറാം നായകനായി എത്തിയ ചിത്രങ്ങൾ വൻ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

അതേസമയം അച്ഛനൊപ്പം അഭിനയിച്ച് സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ ഏറ്റവും ആഗ്രഹിക്കുന്നതും അച്ഛനുമൊത്തുള്ള പുതിയ ചിത്രമാണെന്നും, നല്ലൊരു തീമും തിരക്കഥയും വരാൻ താൻ വെയ്റ്റ് ചെയ്തിരിക്കുകയാണെന്നും കാളിദാസ് പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ ആഗ്രഹം വെളിപ്പെടുത്തിയത്.

‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’, ‘എന്റെ വീട് അപ്പുവിന്റെയും’ തുടങ്ങിയ ചിത്രങ്ങളിലാണ് കാളിദാസ് ബാലതാരമായി അഭിനയിച്ചത്. ഇരു ചിത്രങ്ങളിലും ജയറാമിന്റെ മകനായി തന്നെയാണ് താരം വേഷമിട്ടതും. മികച്ച രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.

നീണ്ട ഇടവേളയ്ക്ക് ശേഷം നായകനായി മലയാള സിനിമയിൽ അരങ്ങേറിയ താരത്തിന്റെ പുതിയ ചിത്രം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി ചിത്രീകരണം പൂർത്തിയാക്കി. കാളിദാസ് മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഷെബിൻ ബെൻസൺ, ഗണപതി, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് താരത്തിനൊപ്പമെത്തുന്നത്. കാളിദാസിന്റെ നായികയായി അപർണ ബാലമുരളി എത്തുന്ന ചിത്രത്തിൽ നിർമ്മാതാവും നടനുമായ വിജയ് ബാബുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മഞ്ജു വാര്യർക്കും ടോവിനോയ്ക്കും ഒപ്പമാണ് കാളിദാസ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.