‘കാതലേ’..ഈ ഗാനത്തിന് പിന്നിലെ രഹസ്യം ഇതാണ്…

October 23, 2018

പ്രേക്ഷക പ്രീതി നേടിയ സൂപ്പര്‍ സ്റ്റാര്‍ വിജയ് സേതുപതി നായകനായെത്തുന്ന ’96’ എന്ന ചിത്രത്തിലെ ‘കാതലേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ആസ്വാദകര്‍ അറിയാത്ത കൗതുകങ്ങള്‍ പങ്കുവെക്കുകയാണ് സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത. ഗാനത്തിന്റെ തുടക്കത്തിൽ ഏതോ മൃഗത്തിന്റെ ഓരിയിടൽ പോലുള്ള ശബ്ദം ഏതാണെന്ന് ഗാനം പലതവണ കേട്ട ആളുകൾ ചിന്തിച്ചിട്ടുണ്ടാവും…ആ രഹസ്യം ഇപ്പോൾ ആരാധകർക്ക് മുന്നിൽ തുറന്നു പറയുകയാണ് ഗോവിന്ദ് വസന്ത.

“തിമിംഗലത്തിന്‍റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട് ആ ഗാനത്തില്‍”, സംഗീത സംവിധായകന്‍ പറയുന്നു..സമുദ്രത്തിലെ ഭീമാകാരനായ തിമിംഗലത്തിന് ഒരാകാശപ്പറവയോടുള്ള പ്രണയം. ചൂളം വിളി പോലെ തോന്നിക്കുന്ന ഒരു പ്രത്യേക ശബ്‍ദത്തോടെയാണ് ഗാനം തുടങ്ങുന്നത്.

സിനിമയുടെ പ്രമേയം പോലെ… ഒരിക്കലും ഒന്നിക്കാൻ സാധ്യതയില്ലാത്ത കാമുകി കാമുകന്മാരെപോലെ തന്നെ ഒരിക്കലും ഒന്നിക്കാൻ സാധ്യതയില്ലാത്തതാണ് തിമിംഗലവും ആകാശപ്പറവയും. ഈ സമാനതകൾ മുന്നിൽ നിർത്തിയാണ് ഇങ്ങനെ ഒരു പരീക്ഷണത്തിന് മുതിർന്നത്. വയലിനൊപ്പം ഈ ശബ്ദവും എത്തിയത് പ്രേക്ഷകർ ഇരുകൈകകളും നീട്ടി സ്വീകരിച്ചു.

അതേസമയം ചിത്രത്തിന്റെ ആദ്യഘട്ടത്തിൽ ഇങ്ങനെ ഒരു പാട്ട് ആലോചനകളിൽ ഉണ്ടായിരുന്നില്ല. “അന്താദി എന്ന ഗാനം ചെയ്തശേഷം അതിലെ ഒരു ഭാഗം എടുത്ത് പ്രൊമോക്കായി ഉപയോഗിക്കുകയായിരുന്നു.” പ്രൊമോക്ക് ലഭിച്ച വന്‍ സ്വീകരണമാണ് കാതലെ എന്ന ഗാനം പിന്നീട് ചെയ്യാൻ പ്രചോദനമായതെന്നും ഗോവിന്ദ് വസന്ത പറഞ്ഞു.