രാജ്യാന്തര ചലച്ചിത്രമേള; ‘ഐഎഫ്എഫ്‌കെ ചലഞ്ചു’മായി ചലച്ചിത്ര അക്കാദമി

October 17, 2018

ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്ര മേള(ഐഎഫ്എഫ്‌കെ)നടത്തിപ്പിനായി കേരളാ ചലച്ചിത്ര അക്കാദമി പ്രത്യേക ധനസമാഹരണ പരിപാടി സംഘടിപ്പിക്കുന്നു. ഐഎഫ്എഫ്‌കെ ചലഞ്ച് എന്നാണ് ധനസമാഹരണപദ്ധതിയുടെ പേര്.ചലച്ചിത്രപ്രേമികളും കലാസാംസ്‌കാരിക പ്രവര്‍ത്തകരും പദ്ധതിയോട് സഹകരിക്കണമെന്നും ചലച്ചിത്ര അക്കാദമി അഭ്യര്‍ത്ഥിച്ചു.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മുന്‍വര്‍ഷങ്ങളെ അപേഷിച്ച് ഏറെ വിത്യസ്തതകളോടെയാണ് ഇത്തവണ രാജ്യാന്തര ചലച്ചിത്ര മേള ഒരുക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചതുപ്രകാരം മേള നടത്താന്‍ സര്‍ക്കാര്‍ പണം നല്‍കില്ല. ഇതേത്തുടര്‍ന്നാണ് ധനസമാഹരണത്തിനായി അക്കാദമി പ്രത്യേക ചലഞ്ച് ഒരുക്കിയിരിക്കുന്നത്.

ഡിസംബര്‍ ഏഴു മുതല്‍ മേളയ്ക്ക് തുടക്കമാകും. ചെലവ് ചുരുക്കിയായിരിക്കും മേള സംഘടിപ്പിക്കുക. പ്രളയക്കെടുതിയെ തുടര്‍ന്ന് ഐഎഫ്എഫ്‌കെ നടത്തേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ചലച്ചിത്ര അക്കാദമിയുടെ നിര്‍ദ്ദേശം പരിഗണിച്ചാണ് കുറഞ്ഞ ചെലവില്‍ ഫിലിം ഫെസ്റ്റിവല്‍ നടത്താന്‍ തീരുമാനമായത്. ഡിസംബര്‍ ഏഴിനു ആരംഭിക്കുന്ന മേള 14 ന് അവസാനിക്കും. പതിവുപോലെ തിരുവനന്തപുരം തന്നെയാണ് മേളയുടെ വേദി.

മൂന്നരക്കോടി രൂപയായി ഈ വര്‍ഷത്തെ ചെലവ് ചുരുക്കാനാണ് ചലച്ചിത്ര അക്കാദമിയുടെ തീരുമാനം. കഴിഞ്ഞ വര്‍ഷം ആറുകോടി മുപ്പത്തിയഞ്ച് ലക്ഷമാണ് ചെലവായത്. അതേസമയം ഈ വര്‍ഷം ഡെലിഗേറ്റ് ഫീസ് ഉയര്‍ത്തിയിട്ടുണ്ട്. 2000 രൂപയാണ് ഡെലിഗേറ്റ് ഫീസ്. വിദ്യാര്‍ത്ഥികളില്‍ നിന്നും പകുതി നിരക്കായിരിക്കും ഈടാക്കുക. ഈ വര്‍ഷം 12,000 പാസുകള്‍ നല്‍കാനാണ് തീരുമാനമായിരിക്കുന്നത്.

ചലച്ചിത്രമേളയില്‍ 120 സിനിമകളാണ് ഈ വര്‍ഷം പ്രദര്‍ശിപ്പിക്കുന്നത്. പന്ത്രണ്ട് തീയറ്ററുകളിലായിട്ടായിരിക്കും പ്രദര്‍ശനം നടക്കുക. രാജ്യാന്തര മത്സര വിഭാഗത്തില്‍ 14 സിനിമകളുണ്ടാകും. പതിനാല് മലയാള സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഒമ്പത് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.