സംസ്ഥാന സ്കൂള്കായികമേള: എറണാകുളം മുന്നില്‍
സംസ്ഥാന സ്കൂള്‍ കായികമേള ആദ്യ ദിനം അവസാനിച്ചപ്പോള്‍ ഏറണാകുളം മുന്നില്‍. ഒമ്പത് സ്വര്‍ണ്ണം നേടിയ എറണാകുളത്തിന് ആദ്യദിനം 88 പോയിന്റുകളാണ് ലഭിച്ചത്. കേരളത്തിലെ മികച്ച കായിക താരങ്ങളെ കണ്ടെത്തുന്നതിനുള്ള മത്സരങ്ങള്‍ ഇന്നലെ രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മീറ്റിന്റെ ആദ്യ ദിനം 31 ഫൈനലുകളാണു നടന്നത്. ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങള്‍.
46 പോയിന്റുകളുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. 35 പോയിന്റുകലുമായി മൂന്നാം സ്ഥാനത്താണ് കോഴിക്കോട്. ആദ്യദിനം മത്സരം അവസാനിക്കുമ്പോള്‍ രണ്ട് റെക്കോര്‍ഡുകളും നേടിയിരുന്നു. ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ പാലക്കാട് കല്ലടി സ്കൂളിലെ മുഹമ്മദ് ബാസിം 4.09 മീറ്റര്‍ മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കി. 400 മീറ്റര്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മേഴ്സിക്കുട്ടന്‍ അക്കാദമിയിലെ എ എശ് സാന്ദ്രയും മീറ്റ് റെക്കോര്‍ഡ് മറികടന്നു.
കായികമേളയിലെ ആദ്യ സ്വര്‍ണ്ണം തിരുവനന്തപുരം ജില്ലയിലെ സല്മാന് ഫറൂഖ് കരസ്ഥമാക്കി. മൂവായിരം മീറ്റര്‍ ഓട്ടത്തിലാണ് താരത്തിന് സ്വര്‍ണ്ണം ലഭിച്ചത്.
മൂന്നുദിവസത്തെ മീറ്റ് ഞായറാഴ്ചയാണ് സമാപിക്കുന്നത്. രാവിലെ ഏഴു മണിക്ക് അണ്ടര്‍ 17 ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ മത്സരത്തോടെയാണ് മീറ്റ് ആരംഭിച്ചത്. 2,200 താരങ്ങള്‍ മാറ്റുരയ്ക്കുന്ന മീറ്റിന്റെ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ യൂത്ത് ഒളിംപിക്സില്‍ മത്സരിച്ച ജെ.വിഷ്ണുപ്രിയ മുഖ്യാതിഥിയാകും. സ്കൂളുകളില്‍ കോതമംഗലം മാര്‍ബേസിലും ജില്ലകളില്‍ എറണാകുളവുമാണ് നിലവിലെ ചാമ്പ്യന്മാരായി നിലകൊള്ളുന്നത്.