‘മലയാളം കുഴപ്പിച്ചു’; ‘ലൂസിഫറി’ലെ അഭിനയ വിശേഷങ്ങളുമായി ബോളിവുഡ് നായകൻ

October 8, 2018

മലയാളത്തിന്റെ സൂപ്പർസ്റ്റാർ പൃഥ്വിരാജ് സംവിധായക രംഗത്തേക്ക് വരുന്നവെന്ന വാർത്ത മലയാളികൾക്ക് വളരെ സന്തോഷം നിറഞ്ഞതായിരുന്നു. പ്രിയ താരത്തിന്റെ സിനിമയിൽ മോഹൻലാൽ നായകനായി എത്തുന്നു എന്നുകൂടി കേട്ടപ്പോൾ മലയാളികളിലെ സന്തോഷം പതിന്മടങ്ങു വർധിച്ചു..നിരവധി താരനിരകൾ ഒന്നിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ടോവിനോ തോമസ് തുടങ്ങി മലയാളത്തിലെ താരനിരകൾക്കൊപ്പം ബോളിവുഡിൽ നിന്നും താരങ്ങൾ എത്തുന്നുണ്ട്.

ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ നിറ സാന്നിധ്യമായിരുന്ന വിവേക് ഒബ്‌റോയിയും ലൂസിഫറിൽ മുഖ്യകഥാപത്രമായി എത്തുന്നുണ്ട്. അതേസമയം മലയാള സിനിമയിൽ അഭിനയിക്കാൻ എത്തിയതിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് വിവേക് ഒബ്‌റോയ്.

ലൂസിഫറില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് നടൻ വിവേക് ഒബ്‍റോയ് ആണ്. സിനിമയില്‍ അഭിനയിക്കാൻ എത്തിയപ്പോള്‍ മലയാളം ഭാഷയാണ് തന്നെ ഏറ്റവും ബുദ്ധിമുട്ടിച്ചതെന്ന് വിവേക് ഒബ്‍റോയ് പറയുന്നു. അത്രയ്‍ക്കും ദൈര്‍ഘ്യമുള്ള ഡയലോഗ് ആണ് ചിത്രത്തില്‍ പറയേണ്ടിയിരുന്നത് എന്നും വിവേക് ഒബ്റോയ് പറയുന്നു.

അതേസമയം ഈ സിനിമയിൽ അഭിനയിക്കുന്നതോടെ മോഹൻലാൽ എന്ന നടനൊപ്പം അഭിനയിക്കുക എന്നുള്ള ഏറെക്കാലമായി മനസ്സിൽ സൂക്ഷിച്ചു നടന്ന ആഗ്രഹം സഫലമാകുന്നതിന്റെ സന്തോഷവും അറിയിക്കുകയാണ് വിവേക് ഒബ്‌റോയ്.

‘ലൂസിഫർ’ തികച്ചും വ്യത്യസ്തമായ ഒരു സിനിമയായിരിക്കുമെന്നും തിരക്കഥയിലും മേക്കിങ്ങിലും പുതുമ പുലർത്തുന്ന ലൂസിഫർ എല്ലാ അർത്ഥത്തിലും നല്ല ഒരു ചലച്ചിത്ര അനുഭവമായിരിക്കുമെന്നും മോഹൻലാൽ നേരത്തെ  പറഞ്ഞിരുന്നു. പൃഥ്വിരാജ് എന്ന നടൻ സംവിധായക വേഷമണിഞ്ഞുകൊണ്ട് മലയാളികൾക്ക് നൽകുന്ന ഒരു സമ്മാനമായിരിക്കും ലൂസിഫർ എന്നാണ് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അഭിപ്രായപ്പെട്ടത്.