ചിരി പടര്‍ത്താന്‍ ‘ഫ്രഞ്ച് വിപ്ലവും’ ‘ജോണി ജോണി യെസ് അപ്പ’യും തീയറ്ററുകളിലേക്ക്

October 25, 2018

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ഫ്രഞ്ച് വിപ്ലവും ജോണി ജോണി യെസ് അപ്പയും നാളെ തീയറ്ററുകളിലേയ്ക്ക്. ഏറെ പ്രതീക്ഷയോടെയാണ് ഇരു ചിത്രങ്ങളെയും ആരാധകര്‍ കാത്തിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കും ട്രെയിലറുകള്‍ക്കുമെല്ലാം മികച്ച പ്രേക്ഷക പ്രതികരണം
ലഭിച്ചിരുന്നു.

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ചിത്രമാണ് ജോണി ജോണി യെസ് അപ്പ. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജി മാര്‍ത്താണ്ഡനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അനു സിത്തര, ഷറഫുദ്ദീന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ‘രാമന്റെ ഏദന്‍തോട്ടം’ എന്ന സിനിമയ്ക്കു ശേഷം കുഞ്ചാക്കോ ബോബനും അനു സിത്താരയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ‘ജോണി ജോണി യെസ് അപ്പ’ എന്ന ചിത്രത്തിനുണ്ട്. ജോജി തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈശാഖ് രാജനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഹാസ്യം തന്നെയാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം. കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ചിത്രമാണെങ്കിലും നല്ലൊരു കുടുംബ ചിത്രം കൂടിയാണ് ‘ജോണി ജോണി യെസ് അപ്പ’ എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. ഒരുപിടി നര്‍മ്മ മൂഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ഈ ചിത്രത്തിനായ് ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

സണ്ണി വെയ്ന്‍ നായകനായെത്തുന്ന ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. നവാഗത സംവിധായകന്‍ മജു ആണ് ‘ഫ്രഞ്ച് വിപ്ലവ’ത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ ഒരു ഗ്രാമത്തിലുള്ള റിസോര്‍ട്ടിലെ പാചകക്കാരനായാണ് സണ്ണി വെയ്ന്‍ എത്തുന്നത്.സത്യനെന്നാണ് ചിത്രത്തില്‍ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

‘ഈ മ യൗ’ എന്ന ലിജോ ജോസ് പെലിശ്ശേരിയുടെ ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ആര്യയാണ് ഈ സിനിമയിലും നായികയായെത്തുന്നത്. മീര എന്ന കഥാപാത്രത്തെയാണ് ആര്യ അവതരിപ്പിക്കുന്നത്. ലാല്‍, ചെമ്പന്‍ വിനോദ്, കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, കൃഷ്ണതുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.