ഗായകനായി ബിജു മേനോൻ; ആനക്കള്ളനിലെ പുതിയ ഗാനം കാണാം

October 7, 2018

ആരാധകരെ പൊട്ടിച്ചിരിപ്പിക്കാൻ ബിജു മേനോൻ കള്ളന്റെ വേഷത്തിൽ എത്തുന്ന  ചിത്രം ആനക്കള്ളനിലെ പുതിയ ഗാനം പുറത്തിറങ്ങി. നാദിർഷാ ഈണമിട്ട് ബിജു മേനോൻ ആലപിച്ച ചിത്രത്തിലെ ‘നിന്നെയൊന്ന് കാണാനായി’ എന്ന അടിപൊളി ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നിരവധി കോമഡി രംഗങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയിരിക്കുന്ന ചിത്രത്തിൽ കള്ളനെ പിടിക്കാൻ എത്തുന്ന പോലീസായി വേഷമിടുന്നത് സിദ്ദിഖ് ആണ്. റോമൻസ് മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ കള്ളന്റെ വേഷത്തിൽ എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തരിക്കുന്നത്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോലീസ് തൊപ്പിയുമണിഞ്ഞ് കൈയ്യില്‍ ലാത്തിയുമായി നില്‍ക്കുന്ന ബിജുമേനോന്റെ ചിത്രം വലിയ ആകാംഷയാണ് പ്രേക്ഷകരിലുണര്‍ത്തുന്നത്. ചിത്രത്തിൽ അനുശ്രീ, കനിഹ, ഷംന കാസീം, സിദ്ദിഖ്, സായ് കുമാർ, സുരേഷ് കൃഷ്ണ, ജനാർദ്ദനൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഉദയ കൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രം ജൂൺ 20-ഓടു കൂടി തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. ഫാമിലി എന്റെർറ്റൈനെർ ചിത്രം ‘ആനക്കള്ളൻ’ തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, കോയമ്പത്തുർ, തൃശൂർ എന്നിവടങ്ങളിലായിരിക്കും ആദ്യം പ്രദർശനത്തിനെത്തുക.

‘ഇവൻ മര്യാദരാമൻ’ എന്ന ചിത്രത്തിന് ശേഷം സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. ‘പഞ്ചവർണ തത്ത’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സപ്ത തരംഗ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ആനക്കള്ളൻ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ‘റോസാപ്പൂ’, ‘ഒരായിരം കിനാക്കൾ’, ‘ഷെർലക്ക് ഹോംസ്’ എന്നീ കോമഡി ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ അഭിനയിക്കുന്ന പുതിയ കോമഡി ചിത്രം കൂടിയാണ് ഉദയ്കൃഷ്ണൻ-ബിജു മേനോൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ആനക്കള്ളൻ’.