ഹരിതാഭയില്‍ നിറഞ്ഞൊരു പ്രണയം; ‘പിപ്പലാന്ത്രി’യിലെ ആദ്യ ഗാനം കാണാം

October 24, 2018

പ്രകൃതി സംരക്ഷണത്തിന്റെയും സ്ത്രീ സംരക്ഷണത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ‘പിപ്പലാന്ത്രി’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘വാനം മേലെ കാറ്റ്…’ എന്നു തുടങ്ങുന്ന ഗാനമാണ് യുട്യൂബില്‍ റിലീസ് ചെയ്തത്.

യേശുദാസാണ് ഗാനത്തിന്റെ ആലാപനം. ശാന്തി ആന്റണി അങ്കമാലിയാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ജോയ്‌സ് തോന്നിയാമലയുടേതാണു ഗാനത്തിലെ വരികള്‍. ‘വാനം മേലെ കാറ്റ്…’, എന്ന പാട്ടു കൂടാതെ മറ്റ് രണ്ട് പാട്ടുകള്‍ കൂടിയുണ്ട് ചിത്രത്തില്‍. സിതാര, നജീം അര്‍ഷാദ്, സെലിന്‍ ഷോജി, ശ്രേയ ജയദീപ് തുടങ്ങിയവരും ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

പെണ്‍കുട്ടികള്‍ ജനിക്കുന്നത് അനുഗ്രഹമായി കരുതുന്ന പിപ്പലാന്ത്രി എന്ന ഗ്രാമത്തില്‍ എത്തപ്പെടുന്ന മലയാളി കുടുംബത്തിന്റെ കഥയാണ് ‘പിപ്പലാന്ത്രി’ എന്ന സിനിമയുടെ പ്രമേയം. ഷോജി സെബാസ്റ്റിയനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.