‘രണ്ടാമൂഴ’ത്തിൽ നിന്നും എം ടി വാസുദേവൻ നായർ പിന്മാറുന്നു..
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം രണ്ടാമൂഴത്തിൽ നിന്നും എം ടി വാസുദേവൻ നായർ പിന്മാറുന്നതായി റിപ്പോർട്ട്. സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ് തിരക്കഥാകൃത്തിന്റെ പിന്മാറ്റത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.
ഏഷ്യയിൽ ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും വലിയ പ്രൊഡക്ഷൻ ആയിരിക്കും ആയിരം കോടി മുതൽമുടക്കിൽ മോഹൻലാലിനെ നായകനാക്കി നിർമ്മിക്കുന്ന ഈ ചിത്രമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സംവിധായകൻ വി എ ശ്രീകുമാർ മേനോനുമായുള്ള കരാർ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് എം ടി കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ചു. തിരക്കഥ കൈമാറുമ്പോൾ മുൻകൂറായി കൈപ്പറ്റിയ പണം തി
രിച്ചുനൽകാമെന്നും ഹർജിയിൽ പറയുന്നു. ഹർജി ഇന്ന് കോഴിക്കോട് മുൻസിഫ് കോടതി പരിഗണിച്ചേക്കും.
നീണ്ട പഠനത്തിനും ഗവേഷണത്തിനും ഒടുവിലാണ് താൻ തിരക്കഥ ഒരുക്കിയത്. നാലുവർഷം മുമ്പാണ് ശ്രീകുമാർ മേനോനുമായി ചിത്രത്തെക്കുറിച്ചുള്ള കരാർ ഉണ്ടാക്കിയത്. തുടർന്ന് മലയാളം, ഇംഗ്ലീഷ് തിരക്കഥകൾ നൽകി. മൂന്നുവർഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ കരാർ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരു വർഷം കൂടി സമയം നീട്ടിനൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും എംടി അഭിപ്രായപ്പെട്ടു.
അതേസമയം രണ്ടാമൂഴത്തിന്റെ ചിത്രീകരണം 2019 ൽ ആരംഭിക്കുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ബി ആർ ഷെട്ടി പറഞ്ഞിരുന്നു. പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഏകദേശം തീരാറായ ചിത്രത്തിന്റെ സെറ്റിന്റെ അവസാന ഘട്ട തിരക്കിലാണ് രണ്ടാമൂഴത്തിന്റെ അണിയറ പ്രവർത്തകർ. 100 ഏക്കറിൽ പാലക്കാട് കോയമ്പത്തുർ റൂട്ടിലാണ് സെറ്റൊരുങ്ങുന്നത്. ചിത്രത്തിന് ശേഷം ഈ സ്ഥലം മഹാഭാരത സിറ്റി എന്ന പേരിൽ മ്യൂസിയമാക്കിമാറ്റുമെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.