‘അഞ്ച് ദിവസം അഞ്ച് കോടി’; വിജയ കുതിപ്പിൽ ‘സൂയി ധാഗ’

October 4, 2018

അനുഷ്ക ശർമ്മയും വരുൺ ധവാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘സൂയി ധാഗ’ തിയേറ്ററുകളിൽ വിജയ കുതിപ്പ് തുടരുകയാണ്. ചിത്രം റിലീസ് ചെയ്ത്  ഒരാഴ്ച പിന്നിടുന്നതിന് മുൻപായി 5 കോടിയിലധികം രൂപയുടെ കളക്ഷനാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രത്തിലെ താരങ്ങളുടെ അഭിനയത്തിനും മികച്ച അഭിപ്രായമാണ് ബോളിവുഡിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

‘സൂയി ധാഗ’ എന്ന ചിത്രത്തിലെ അനുഷ്ക ശർമ്മയുടെ അഭിനയത്തിന് അഭിനന്ദനവുമായി അനുഷ്കയുടെ ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് ടീം ഇതിഹാസവുമായ വീരാട്‌ കോഹ്‌ലിയും രംഗത്തെത്തിയിരുന്നു. അനുഷ്കയുടെ അഭിനയം തന്റെ ഹൃദയം കവർന്നു എന്നാണ് താരം ട്വിറ്ററിൽ കുറിച്ചത്. വരുൺ ധവാന്റെ അഭിനയം മികച്ചതാണെന്നും വീരാട് ട്വിറ്ററിൽ കുറിച്ചിരുന്നു.

ചിത്രത്തിൽ ഇന്ത്യയിലെ കൈത്തുന്നൽ തൊഴിലാളികളുടെ ജീവിതമാണ് പറയുന്നത്. ചിത്രത്തിൽ മധ്യ വയസ്കയായ ഒരു ഗ്രാമീണ യുവതിയായാണ് അനുഷ്ക വേഷമിടുന്നത്. ശരത് കതാരിയ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആദ്യമായാണ് അനുഷ്കയും വരുണും ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ 5 കോടിയിലധികം രൂപയാണ് കളക്ഷൻ നേടിയത്. ഇത് ചിത്രത്തിന്റെ മികച്ച വിജയമാണ് ചൂണ്ടക്കാണിക്കുന്നതെന്നും സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.

ഈ മാസം 27 നാണ് ചിത്രം തീയറ്ററുകളിലെത്തിയത്. തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നതിനു മുമ്പേ ‘സൂയി ധാഗ’ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിനു വേണ്ടി തികച്ചും വിത്യസ്തമായൊരു പ്രൊമോഷനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. ഇതിനായി സൂചിയില്‍ നൂല്‍ കോര്‍ക്കുന്ന ഒരു ചലഞ്ചും സംഘടിപ്പിച്ചിരുന്നു. നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ ചലഞ്ചിന്റെ ഭാഗമായത്.

ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന വരുണ്‍ ധവാന്‍ തന്നെയാണ് സൂചിയില്‍ നൂല് കോര്‍ക്കല്‍ ചലഞ്ചുമായി ആദ്യം രംഗത്തെത്തിയത്. അക്ഷയ് കുമാറും ഷാരൂഖ് ഖാനും ജാന്‍വി കപൂറുമെല്ലാം സൂചിയില്‍ നൂല് കോര്‍ക്കല്‍ ചലഞ്ച് ഏറ്റെടുത്തിരുന്നു.