തന്റെ സൈക്കിള്‍ മാത്രം നിര്‍ത്തിയിടാനായി ഒരു പോസ്റ്റ്; അമ്പരന്ന് നാല് വയസുകാരന്‍

October 2, 2018

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഒരു നാലുവയസ്സുകാരനു കിട്ടിയ സര്‍പ്രൈസ്. തന്റെ സൈക്കിള്‍ മാത്രം നിര്‍ത്തിയിടാനായി നിരത്തില്‍ സ്ഥലം റിസര്‍വ് ചെയ്തുകിട്ടിയ സന്തോഷത്തിലാണ് ഒരു കൊച്ചുമിടുക്കന്‍.

കഴിഞ്ഞ ഒരുവര്‍ഷക്കാലമായി നിരത്തില്‍ സ്ഥിരമായി ഒരിടത്തുതന്നെയായിരുന്നു ഈ ബാലന്‍ തന്റെ സൈക്കിള്‍ പാര്‍ക്ക് ചെയ്തിരുന്നത്. പതിവുപോലെ ഒരുദിവസം സൈക്കിള്‍ നിര്‍ത്തിയിടാന്‍ ചെന്നപ്പോഴാണ് അവന്‍ അമ്പരന്നുപോയത്. തന്റെ സൈക്കിള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തെ പോസ്റ്റില്‍ അവന്റെ സൈക്കിളിന്റെ ചിത്രം ഒട്ടിച്ചുവെച്ചിരിക്കുന്നു. അവിടം അവന് മാത്രം സൈക്കിള്‍ നിര്‍ത്തിയിടാനുള്ള സ്ഥലമാണെന്ന് പറയുന്നുണ്ട് ആ ചിത്രം. എന്നാല്‍ പോസ്റ്റിലൊട്ടിച്ച ആ ചിത്രത്തിനു പിന്നില്‍ ആരാണെന്ന് മാത്രം അറിയില്ല.

സ്ഥിരമായി സൈക്കിള്‍ നിര്‍ത്തിയിടാറുള്ള സ്ഥാലം അജ്ഞാതര്‍ അവനുവേണ്ടി റിസര്‍വ് ചെയ്തതിന്റെ ചിത്രങ്ങള്‍ കുട്ടിയുടെ മാതാവ് ട്വിറ്ററില്‍ പങ്കുവെച്ചു. നിരവധി പേരാണ് ഈ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.