‘ജാനുവിനും പറയാനുണ്ട്’; ആരാധകരോട് നന്ദി പറഞ്ഞ് തൃഷ..

October 7, 2018

മികച്ച വിജയം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ വിജയ് സേതുപതിയും തൃഷയും  പ്രധാന കഥാപത്രങ്ങളായെത്തുന്ന ’96’. തമിഴകത്തിന്റെയും മലയാളത്തിന്റെയും പ്രിയപ്പെട്ട താരങ്ങളായ വിജയ് സേതുപതി -തൃഷ ചിത്രത്തിലുള്ള ആരാധകരുടെ പ്രതീക്ഷയ്ക്ക് ഒട്ടും കുറവ് വരുത്താത്ത രീതിയിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  1996 ലെ സ്കൂൾ പ്രണയം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതേസമയം ചിത്രത്തിലെ ജാനു എന്ന തന്‍റെ കഥാപാത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകരോടുള്ള നന്ദി അറിയിക്കുകയാണ് തൃഷ..

“ചിത്രം സ്വീകരിച്ച എല്ലാവർക്കും നന്ദി. സ്നേഹത്തിന്‍റെ നിലയ്ക്കാത്ത ഒഴുക്കാണ് നിങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. 96ലെ ജാനുവിനെ നിങ്ങള്‍ മനസിലാക്കി എന്നതും അവളെ സ്നേഹിച്ചു എന്നതും എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ഒരു കൂട്ടായ ശ്രമത്തിന്റെ ഫലമായിരുന്നു 96. പ്രണയത്തിന്‍റെ മാന്ത്രികതയെക്കുറിച്ച് എപ്പോഴെങ്കിലുമൊക്കെ തോന്നിയിട്ടുള്ളതൊക്കെ ഞങ്ങളെല്ലാം ഈ സിനിമയിലേക്ക് പകര്‍ന്നിട്ടുണ്ട്”, തൃഷ ട്വിറ്ററില്‍ കുറിച്ചു.


കഥാപാത്രത്തിന്റെ വിത്യസ്തമായ മൂന്നു ഘട്ടങ്ങളെയും വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ശക്തമായ തിരക്കഥയാണെന്നും ഇറങ്ങാനിരിക്കുന്ന ഒരു ചിത്രത്തെ കുറിച്ച് ആദ്യമായി ഉള്ളില്‍ ഭയം തോന്നുന്നെന്നും നേരത്തെ വിജയ് സേതുപതി പറഞ്ഞിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങൾക്കും ടീസറുകൾക്കുമൊക്കെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രവും ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ.

പ്രേം കുമാറാണ് ചിത്രത്തിന്റെ സംവിധാനം. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 96. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.

ജനകരാജ്, വിനോദിനി, കാളി വെങ്കട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോവിന്ദ് പി മേനോനാണ് സംഗീതം. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എസ്. നന്ദഗോപാലാണ്.