ഇഷ്ടതാരങ്ങൾക്ക് സ്വീകരണമൊരുക്കി തിരുവനന്തപുരം; ആരാധകരെ കയ്യിലെടുത്ത് രോഹിത് ശർമ്മ

October 30, 2018

വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി താരങ്ങള്‍ പത്മനാഭന്റെ മണ്ണിൽ എത്തി. തിരുവനന്തപുരം  കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നവംബർ ഒന്നാം തിയതിയാണ്  മത്സരം നടക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് എത്തിച്ചേർന്ന താരങ്ങൾക്ക് ഇന്നത്തെ ദിവസം മുഴുവൻ വിശ്രമാണ് നൽകിയിരിക്കുന്നത്. നാളെയാണ് പരിശീലനവുമായി താരങ്ങൾ കളിക്കളത്തിൽ ഇറങ്ങുന്നത്.

വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെമത്സരങ്ങൾക്കായി കേരളത്തിൽ എത്തിച്ചേർന്ന താരങ്ങളെ നിറഞ്ഞ ആർപ്പുവിളികളോടെയാണ് ആരാധകർ സ്വീകരിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ വീരാട് കൊഹ്‌ലി, രോഹിത് ശർമ്മ അടക്കമുള്ള താരങ്ങൾക്കും പരിശീലകർക്കും മികച്ച സ്വീകരണമാണ് ലഭിച്ചത്.

മുംബയിലെ മിന്നും വിജയത്തിനു ശേഷം കേരളത്തിൽ എത്തിയ താരങ്ങളെ  പേരെടുത്ത് വിളിച്ചാണ് ആരാധകര്‍  സ്വീകരിച്ചത്. വിമാനത്താവളത്തില്‍ എത്തിയ ഓരോ താരത്തിനും റോസാപ്പൂവ് നല്‍കിയായിരുന്നു അധികൃതർ സ്വീകരിച്ചത്. കഴിഞ്ഞ മത്സരത്തില്‍ 162 റണ്‍സ് എടുത്ത രോഹിത് ശര്‍മ്മ തനിക്ക് ലഭിച്ച പൂവ്അവിടെ നിന്നിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന് കൈമാറിയതും ആരാധകരുടെ സന്തോഷം ഇരട്ടിയായി.