നഷ്ടപ്രണയത്തില്‍ ലോകം കാണാനിറങ്ങിയവളുടെ കഥയുമായി ‘സംസം’
തീയറ്ററുകളില്‍ ഏറെ കൈയടി നേടിയ ചിത്രമായിരുന്നു ബോളിവുഡ് താരം കങ്കണ റണാവത്ത് അഭിനയിച്ച ‘ക്വീന്‍’. ദക്ഷിണേന്ത്യയിലെ നാല് ഭാഷകളിലേക്ക് ചിത്രം റീമേയ്ക്ക് ചെയ്യുമെന്ന പ്രഖ്യാപനവും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലായിരിക്കും ചിത്രമൊരുങ്ങുക. മലയാളം പതിപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
മഞ്ജിമയാണ് മലയാള പതിപ്പിലെ നായിക. മലയാളത്തില്‍ ചിത്രത്തിന്റെ പേര് ‘സംസം’ എന്നാണ്. സമ നസ്രീന് എന്നാണ് ചിത്രത്തില്‍ മഞ്ജിമ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സണ്ണി വെയ്നും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ബോളിവുഡില്‍ രാജ്കുമാര് റാവു അവതരിപ്പിച്ച കഥാപാത്രത്തെ ആയിരിക്കും സണ്ണിവെയ്ന് അവതരിപ്പിക്കുക. തെലുങ്ക് തിരക്കഥാകൃത്തും സംവിധായകനുമായ നീലകണ്ഠ റാവുവാണ് ചിത്രത്തിന്റെ സംവിധാനം.
റാണി മെഹ്റ എന്ന പഞ്ചാബി പെണ്‍കുട്ടിയായിരുന്നു ക്വീനില്‍ കങ്കണ റണാവത്ത്. പ്രതിശ്രുതവരന് വിവാഹത്തില്‍ നിന്നും പിന്മാറുമ്പോള് റാണി മെഹ്റയ്ക്ക് അതിയായ ദു:ഖം ഉണ്ടാകുന്നു. ഈ ദു:ഖത്തില്‍ നിന്നുള്ള അവളുടെ അതിജീവനവും ഉയിര്ത്തെഴുന്നേല്പുമാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ അഭിനയത്തിന് കങ്കണയ്ക്ക് മികച്ച നടക്കുള്ള ദേശീയ അവാര്‍ഡും ലഭിച്ചും.
‘പാരിസ് പാരിസ്’ എന്ന പേരിലാണ് തമിഴില്‍ ചിത്രത്തിന്റെ പതിപ്പിറങ്ങുന്നത്. കാജള്‍ അഗര്‍വാളാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമേശ്വരി എന്നാണ് കഥാപാത്രത്തിന്റെ പേര്. രമേശ് അരവിന്ദാണ് തമിഴ് പതിപ്പിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
‘ബട്ടര്‍ഫ്ളൈ’ എന്ന പേരില്‍ കന്നഡിയില്‍ ക്വീന്‍ റീമേക്ക് പുറത്തിറങ്ങും. ചിത്രത്തിലെ പാര്‍വ്വതി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാറുല്‍ യാദവാണ്. രമേശ് അരവിന്ദാണ് കന്നഡയിലും ചിത്രം സംവിധാനം ചെയ്യുന്നത്.
‘ദാറ്റ് ഈസ് മഹാലക്ഷ്മി’ എന്ന പേരിലാണ് തെലുങ്കില്‍ ചിത്രം പുറത്തിറങ്ങുക. തമന്ന ഭാട്ടിയ കോന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. പ്രശാന്ത് വര്‍മ്മയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.