‘2.0’ യുടെ ആദ്യ ദിന കലക്ഷന്‍ റിപ്പോര്‍ട്ട്
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് രജനീകാന്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന 2.0. വലിയ ആവേശത്തോടെയാണ് ചിത്രത്തെ തീയറ്ററുകളില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യദിനത്തിലെ കലക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടരിക്കുകയാണ്. ഇന്ത്യയില്‍ നിന്നും മാത്രമായി 61 കോടിയാണ് ചിത്രം വാരിയത്. അടുത്ത കാലത്ത് അന്യഭാഷ ചിത്രത്തിനു ലഭിക്കുന്ന ഉയര്‍ന്ന തുക കൂടിയാണിത്. ട്രെയ്ഡ് അനലിസ്റ്റ് സുമിത് കഡേല്‍ ആണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
റിലീസിന് മുമ്പേ തന്നെ ചലച്ചിത്രലോകം ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന ചിത്രമായിരുന്നു 2.0. ഈ പ്രതീക്ഷയ്ക്ക് മങ്ങലേല്ക്കാതെ സൂക്ഷിക്കാന്‍ സംവിധായകന് ശങ്കര്‍ നന്നായിതന്നെ പരിശ്രമിച്ചു എന്നു വേണം പറയാന്‍. ആ പരിശ്രമങ്ങള്‍ വിജയിക്കുകയും ചെയ്തു. യെന്തിരന് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് 2.0 എങ്കിലും കഥാപ്രമേയവുമായി ഏറെ വൈരുദ്ധ്യം പുലര്‍ത്തുന്നുണ്ട് ഇരു ചിത്രങ്ങളും. അതേസമയം ചിട്ടിയുടെ തിരിച്ചുവരവില്‍ നിറഞ്ഞു കൈയടിക്കുന്നുണ്ട് കാണികള്‍.
സാങ്കേതിക മികവാണ് എടുത്തുപറയേണ്ടത്. പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള വിഎഫ്എക്സ് മാജിക് ചിത്രത്തിന്റെ ആദ്യാവസാനം നിഴലിക്കുന്നുണ്ട്. പ്രേക്ഷകരെ തീയറ്ററുകളില്‍ പിടിച്ചിരുത്തുന്നതിനും ഈ സാങ്കേതിക മികവിന് കഴിഞ്ഞിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിസ്മയങ്ങള്‍ തന്നെയാണ് ചിത്രത്തില്‍ ഭൂരിഭാഗവും.
ശാസ്ജ്ഞ്രനായ ഡോ വസീഗരന്, ചിട്ടി റോബോര്‍ട്ട് എന്നീ രണ്ട് കഥാപാത്രങ്ങളെയും അവിസ്മരണീയമാക്കാന്‍ സ്റ്റൈല്‍ മന്നന് രജനീകാന്തിന് കഴിഞ്ഞു. ചിട്ടി റോബോര്‍ട്ടിന്റെ വിത്യസ്തമായ മാനറിസങ്ങള്‍ക്കും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത തന്നെ. ചിട്ടിയുടെ കുട്ടി വേര്ഷനെപ്പോലും പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
#Baahubali2 All India Day-1 Opening Collection- ₹ 121 cr nett#2point0 All India Day-1 ₹ 61 cr nett , which makes 2.0 Second Highest Opener in India of all Time.
— Sumit kadel (@SumitkadeI) 30 November 2018
അഭിനയമികവിന്റെ കാര്യത്തില്‍ രജനീകാന്തിന്റെ ഒപ്പംതന്നെയാണ് അക്ഷയ്കുമാറും. അക്ഷയ്കുമാറിന്റെ മേയ്ക്ക് ഓവറും ഏറെ മികച്ചുനില്ക്കുന്നു. സമാധാനപ്രീയനില്നിന്നും പെട്ടെന്ന് വില്ലന്പരിവേഷത്തിലേക്കെത്തുന്ന അക്ഷയ്കുമാര്‍ മികച്ച വില്ലന്‍തന്നെയാണ്.
ദൃശ്യവിസ്മയങ്ങളാല്‍ പൂരിതമാണ് ചിത്രത്തിന്റെ ആദ്യഭാഗം. അത്ഭുതവും ആകാംഷയുമൊക്കെയാണ് ആദ്യ ഭാഗത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. അതേസമയം ഒരല്പം വൈകാരിക മുഹൂര്‍ത്തങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് രണ്ടാം ഭാഗത്തിന്റെ ആരംഭം. അല്പം പോലും ബോറടിപ്പിക്കാതെയാണ് ആ വൈകാരിക രംഗങ്ങളില്‍ നിന്നും ആക്ഷന്‍ രംഗങ്ങളിലേക്കും തുടര്‍ന്ന് ക്ലൈമാക്സിലേക്കുമുള്ള ചിത്രത്തിന്റെ പാലായനം. നിള എന്ന റോബോര്‍ട്ട് കഥാപാത്രമായാണ് എമി ജാക്സണ് ചിത്രത്തിലെത്തുന്നത്. അഭിനയമികവിന്റെ കാര്യത്തില്‍ എമി ജാക്സണും ഒട്ടും പിന്നിലല്ല.
പുട്ടിന് പീര എന്നു പറയുംപോലെ ഇടയ്ക്കിടെ പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള വക നല്‍കുന്നതിലും സംവിധായകന് ശങ്കര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ചിട്ടിയുടെ ചില മാനറിസങ്ങളും ഡയലോഗുകളും പലപ്പോഴും പ്രേക്ഷകരില്‍ ചെറിയ തോതില്‍ ചിരി ഉണര്‍ത്തുന്നുണ്ട്.
കഥാതന്തുവിന്റെ കാര്യം പരാമര്‍ശിക്കാതെ വയ്യ. മൊബൈല്‍ഫോണ്‍ റേഡിയേഷന് എന്ന് ചുരുക്കി പറയാമെങ്കിലും, പതിവ് ക്ലീഷെ എന്നുപറഞ്ഞ് ഈ കഥാപ്രമേയത്തെ തള്ളിക്കളയാനാവില്ല. ടെക്നോളജിയും ലൈഫും തമ്മിലുള്ള ഒരു ബന്ധത്തെയും ചിത്രം പറഞ്ഞുവെയ്ക്കുന്നുണ്ട്. വൈകാരികതയും ആക്ഷന്‍സും സസ്പെന്‍സുമെല്ലാം ഇഴചേര്‍ന്നുകിടക്കുന്ന മനോഹരമായൊരു ദൃശ്യവിരുന്ന് തന്നെയാണ് പ്രേക്ഷകര്‍ക്ക് 2.0 സമ്മാനിക്കുന്നത്.