അജിത്തിന്റെ മകളായി മലയാളി താരം അനിഘ വീണ്ടും വെള്ളിത്തിരയില്‍
തമിഴകത്തിന്റെ പ്രിയതാരം അജിത് നായകനായി എത്തുന്ന ചിത്രമാണ് ‘വിശ്വാസം’. ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നത്. മലയാള പ്രേക്ഷകര്‍ക്കും ചിത്രത്തില്‍ അഭിമാനിക്കാന്‍ ഒന്നുകൂടിയുണ്ട്. മലയാളി താരം അനിഖയും ചിത്രത്തില്‍ എത്തുന്നുണ്ട്. അജിത്തിന്റെ മകളായിട്ടാണ് അനിഖ വിശ്വാസത്തിലെത്തുന്നത്.
‘യെന്നൈ അറിന്താള്‍’ എന്ന ചിത്രത്തിലും അനിഖ അജിത്തിന്റെ മകളായി വെള്ളിത്തിരയില്‍ എത്തിയിരുന്നു. ആ അച്ഛനേയും മകളെയും പ്രേക്ഷകര്‍ അന്നേ ഏറ്റെടുത്തതാണ്. ചിത്രത്തിലെ ‘ഉനക്കെന്ന വേണം സെല്ല്…’ എന്ന ഗാനവും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതേസമയം വിശ്വാസത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പൊങ്കലിന് ചിത്രം തീയറ്ററുകളിലെത്തും എന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. ശിവയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
ശിവ അജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലമത്തെ ചിത്രമാണ് ‘വിശ്വാസം’. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘വീരം’, ‘വേഗം’, ‘വേതാളം’ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇരുവരുടെയും പുതിയ ചിത്രത്തിനായ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
‘വിശ്വാസം’ എന്ന ചിത്രത്തില്‍ അജിത്തിന്റെ നായിക നയന്‍ താരയാണ്. ചിത്രത്തില്‍ സാള്‍ട്ട് ആന്‍ഡ് പേപ്പര്‍ ലുക്കിലും തല നരക്കാത്തലുക്കിലും അജിത് എത്തുന്നുണ്ട്.ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോര്‍ട്ട്.
നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. അതേസമയം മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകും എന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.